ബെംഗളൂരുവിലെ പ്രളയത്തിനു കാരണം മുൻ കോൺഗ്രസ് സർക്കാർ: മുഖ്യമന്ത്രി

ബെംഗളൂരു: മുൻ കോൺഗ്രസ് സർക്കാരുകളുടെ ദുർഭരണവും അഭൂതപൂർവമായ മഴയുമാണ് പ്രളയത്തിന് കാരണമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മഴയിൽ തകർന്ന നഗരത്തെ പുനഃസ്ഥാപിക്കുക എന്നത് തന്റെ സർക്കാർ ഒരു വെല്ലുവിളിയായാണ് ഏറ്റെടുത്തിരിക്കുന്നതെന്നും ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു

‘‘കർണാടകയിൽ, പ്രത്യേകിച്ച് ബെംഗളൂരുവിൽ അഭൂതപൂർവമായ കനത്ത മഴ ലഭിച്ചിട്ടില്ല. കഴിഞ്ഞ 90 വർഷമായി ഇത്തരമൊരു മഴ രേഖപ്പെടുത്തിയിട്ടില്ല. എല്ലാ തടാകങ്ങളും നിറഞ്ഞ് കവിഞ്ഞൊഴുകുന്നു. മുൻ കോൺഗ്രസ് സർക്കാരുകളുടെ ആസൂത്രിതമല്ലാത്ത ദുർഭരണമാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. തടാകങ്ങൾ പരിപാലിക്കുന്നതിനെക്കുറിച്ച് അവർ ഒരിക്കലും ചിന്തിച്ചിട്ടില്ല’’– അദ്ദേഹം പറഞ്ഞു.

എന്നാൽ താൻ അതിനെ ഒരു വെല്ലുവിളിയായി ഏറ്റെടുത്തെന്നും മഴവെള്ളം ഒഴുകിപ്പോകുന്ന ഓവുചാലുകൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി 1500 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് ദിവസമായി ബെംഗളൂരുവിൽ പെയ്ത മഴയിൽ, നിരവധി പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായി.