മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരം; പ്രളയസമാന നീരൊഴുക്ക്: അതീവജാഗ്രത

ഫയൽ ചിത്രം

സംസ്ഥാനത്ത് മൂന്ന് പുഴകളില്‍ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര ജലകമ്മിഷന്‍. കരമന, നെയ്യാര്‍, മണിമല പുഴകളില്‍ പ്രളയസമാന നീരൊഴുക്കെന്നും കമ്മീഷന്‍ അറിയിച്ചു. അതീവജാഗ്രത പാലിക്കണമെന്നും നിർദേശം. മൂന്ന് നദികളുടെയും തീരത്ത് ഒാറഞ്ച് അലര്‍ട്ട് മുന്നറിയിപ്പും നിലവിൽ വന്നു. അതേസമയം, തീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഇതുവരെ 19 മരണങ്ങള്‍ സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മുതല്‍ ഗണ്യമായി മഴ കുറയാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

മൂന്ന് ജില്ലകളില്‍ നാളെ അവധി

സംസ്ഥാനത്ത് ആലപ്പുഴ,കോട്ടയം, ഇടുക്കി  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തിരുവല്ല, കോതമംഗലം, മൂവാറ്റുപുഴ, ചാലക്കുടി താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. എം.ജി.സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി.