ഒരുകോടി വിദ്യാർഥികൾ; മുഴങ്ങി ദേശഭക്തിഗാനങ്ങൾ; റെക്കോർഡിട്ട് രാജസ്ഥാൻ

ഒരുകോടി വിദ്യാർഥികൾ ഒരുമിച്ച് ദേശഭക്തി ഗാനങ്ങൾ പാടി രാജസ്ഥാനിൽ റെക്കോർഡിട്ടു. 'ആസാദി കി അമൃത് മഹോത്സവ്' ക്യാംപെയിനിന്റെ ഭാഗമായിട്ടാണ് വിദ്യാർഥികളെ അണിനിരത്തി ഈ ചരിത്ര നേട്ടം. വിവിധ ജില്ലകളിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളാണ് ഇത്തരത്തിൽ അണിനിരന്നത്. രാവിലെ 10.15നും 10.40നും ഇടയിലാരുന്നു ഈ ഒത്തുകൂടൽ. ‌'വന്ദേമാതരം', 'സാരെ ജഹാസെ അഛാ' തുടങ്ങിയ ദേശഭക്തി ഗാനങ്ങളും ദേശീയ ഗാനവും 25 മിനിറ്റോളം ആലപിച്ച് വിദ്യാർഥികൾ ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് കുട്ടികൾക്ക് അഭിനന്ദനവുമായി രംഗത്തെത്തി. 

അതേസമയം സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷിക ആഘോഷങ്ങൾക്കിടെ രാജ്യത്ത് സുരക്ഷ ശക്തമാക്കി സേനകൾ. ‍രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഉൾപ്പെടെ പട്രോളിങ്ങും വാഹനപരിശോധനയും പൊലീസ് ഊർജിതമാക്കി. മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ, മാർക്കറ്റുകൾ എന്നിവയുൾപ്പെടെ എല്ലാ സ്ഥലങ്ങളിലും കർശന  സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി.ഹോട്ടലുകൾ, പാർക്കിങ് സ്ഥലങ്ങൾ, റസ്റ്ററന്റുകൾ എന്നിവ പരിശോധിക്കുകയാണെന്നും വാടകക്കാരുടെയും ജോലിക്കാരുടെയും വെരിഫിക്കേഷൻ നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.