കോവിഡിൽ പഠനം മുടങ്ങി; ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ തിരികെ കൊണ്ടുപോകുമെന്ന് ചൈന

കോവിഡിനെ തുടർന്ന് പഠനം മുടങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ ഉടൻ തിരികെ കൊണ്ടുപോകുമെന്ന് ചൈന. ഇതിനായുള്ള നടപടികൾ അതിവേഗം തുടരുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ വ്യക്തമാക്കി. അതേസമയം ഇരുരാജ്യങ്ങൾക്കുമിടയിലെ വിമാന സർവീസുകൾ പഴയപടിയാക്കുന്നത്തിൽ കാര്യമായ ചർച്ച നടന്നിട്ടില്ല.

കോവിഡിനെ തുടർന്ന് പഠനം പൂർത്തിയാക്കാനാകാതെ ചൈനയിൽ നിന്ന് രാജ്യത്തേക്ക് എത്തിയ വിദ്യാർഥികൾക്ക് ആശ്വാസം നൽകുന്നതാണ് 

ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിന്റെ വാക്കുകൾ. വിദേശ വിദ്യാർത്ഥികളെ ചൈനയിലേക്ക് തിരികെ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. ഇതിനായുള്ള നടപടികൾ കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് അതിവേഗം തുടരുകയാണ്. ആദ്യ ബാച്ച് വിദ്യാർഥികളെ ഉടൻ എത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും വാങ് വെൻബിൻ പറഞ്ഞു. ഇന്ത്യ- ചൈന വിദേശകാര്യമന്ത്രിമാർ കഴിഞ്ഞ മാർച്ചിൽ വിഷയം ചർച്ച ചെയ്യുകയും പരിഹാരമാർഗം കണ്ടെത്തുകയും ചെയ്തിരുന്നു.

ചൈനീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരേണ്ട വിദ്യാർത്ഥികളുടെ പട്ടികയും ഇന്ത്യ കൈമാറിയിരുന്നു. മെഡിക്കൽ വിദ്യാർഥികൾ അടക്കം 20,000ത്തിലധികം വിദ്യാർത്ഥികളാണ് 2020ൽ ചൈനയിൽ നിന്ന് തിരിച്ചെത്തിയത്.  ഇന്ത്യയെ ഹൈറിസ്ക് കാറ്റഗറിയിൽ ഉൾപ്പെടുത്തിയതിനാൽ വിദ്യാർഥികളെ തിരികെ പ്രവേശിക്കാൻ ചൈന അനുവദിച്ചിരുന്നില്ല. ശ്രീലങ്ക, പാകിസ്ഥാൻ, റഷ്യ തുടങ്ങിയ  രാജ്യങ്ങളിൽ നിന്നുമുള്ള  വിദ്യാർത്ഥികൾ ചാർട്ടേഡ് വിമാനങ്ങളിൽ ചൈനയിലേക്ക് തിരിച്ചെത്തിയിരുന്നു.