തെരുവുനായ്ക്കൾ ഓടിച്ചു; 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ആറു വയസ്സുകാരൻ മരിച്ചു

പഞ്ചാബിൽ 100 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണ ആറു വയസ്സുകാരൻ മരിച്ചു. കുടിയേറ്റ തൊഴിലാളികളുടെ മകനായ ഹൃതിക് റോഷനാണ് മരിച്ചത്. ഒൻപതു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ പുറത്തെടുത്തത്.

കുഴൽക്കിണറിന് സമാന്തരമായി തുരങ്കം കുഴിച്ചായിരുന്നു രക്ഷാപ്രവർത്തനം. കുട്ടിയുടെ സ്ഥിതിയറിയാൻ കുഴൽക്കിണറിനകത്തേക്ക് ക്യാമറ വച്ചിരുന്നു. പൈപ്പ് വഴി ഓക്സിജനും നൽകി. എന്നാൽ പുറത്തെടുത്തപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. ബൈറാംപുറിലെ ഖിയല ബുലൻഡ ഗ്രാമത്തിലാണ് സംഭവം.

ഞായറാഴ്ച രാവിലെ പാടത്ത് കളിച്ചുകൊണ്ടിരിക്കെ തെരുവുനായ്ക്കൾ ഓടിച്ചതിനെത്തുടർന്നാണ് കുട്ടി കുഴൽക്കിണറിന്റെ പരിസരത്തേക്ക് ഓടിയെത്തിയത്. ചണ ബാഗ് കൊണ്ടാണ് കുഴൽക്കിണർ അടച്ചുവച്ചിരുന്നത്. കുട്ടി ചവിട്ടിയപ്പോൾ അതു താഴേയ്ക്കു വീണു. ഡപ്യൂട്ടി കമ്മിഷണർ സന്ദീപ് ഹാൻസ് ഉൾപ്പെടെയുള്ള ജില്ലാ ഭരണകൂടത്തിന്റെ വിവിധ സംഘങ്ങൾ, ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘം, ആരോഗ്യ സംഘം തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.