യുപിയിലെ മദ്രസകളിൽ ദേശീയഗാനം നിർബന്ധം; ഉത്തരവിറക്കി യോഗി

ഉത്തർപ്രദേശ് സംസ്ഥാനത്തെ എല്ലാ മദ്രസകളിലേയും വിദ്യാർത്ഥികളും അധ്യാപകരും ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത്  നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ ഉത്തരവിറക്കി. ഇന്ന് മുതലാണ് (മെയ് 12) ഉത്തരവ് പ്രാബല്യത്തിൽ വരുക. യുപി ന്യൂനപക്ഷ സംസ്ഥാന മന്ത്രി ഡാനിഷ് ആസാദ് അൻസാരിയാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. 

മാർച്ച് 24ന് ചേർന്ന യുപി മദ്രസ വിദ്യാഭ്യാസ ബോർഡ് യോഗത്തിൽ നേരത്തെ തന്നെ ദേശീയ ഗാനം ആലപിക്കണമെന്ന തീരുമാനം എടുത്തിരുന്നു.മെയ് 9 ന് ആണ് ഉത്തരവ് നടപ്പിലാക്കാനുള്ള  ഓർഡർ പാസാക്കിയത്. ഇന്ന് മുതൽ അത് പ്രാബല്യത്തിൽ വരുകയും ചെയ്തു. ഉത്തരവ് അനുസരിച്ച്, ദേശീയ ഗാനത്തോടൊപ്പം മുമ്പ് ആലപിച്ച മതപരമായ പ്രാർത്ഥനകൾ മദ്രസകളിൽ തുടരുകയും ചെയ്യാം. 

റംസാൻ പ്രമാണിച്ച് മാർച്ച് 30 മുതൽ മെയ് 11 വരെയാണ് മദ്രസകൾ അടച്ചത്. മെയ് 12 വ്യാഴാഴ്‌ച മുതൽ മദ്രസകൾ തുറക്കുകയും ചെയ്തു. എല്ലാ അംഗീകൃത, എയ്ഡഡ്, അൺ എയ്ഡഡ് മദ്രസകൾക്കും ഉത്തരവ് ബാധകമായിരിക്കും. 2017 ലെ സ്വാതന്ത്ര്യ ദിനത്തിൽ യുപി മദ്രസ ബോർഡ് ദേശീയ ഗാനവും പതാക ഉയർത്തലും നിർബന്ധമാക്കിയിരുന്നു.