മെറ്റ് ഗാല ഫാഷൻ മേളയിലെ പ്രൗഢി; പട്യാല മഹാരാജാവിന്റെ വജ്ര നെ‌ക്‌ലേസും

പ്രശസ്തമായ മെറ്റ് ഗാല ഫാഷൻ മേളയിൽ പട്യാല മഹാരാജാവിന്റെ വജ്ര നെ‌ക്‌ലേസും വേദിയിലെത്തി. ഇന്റർനെറ്റ് താരമായ എമ്മ ചേംബർലെയിനാണ് പട്യാല രാജാവായിരുന്ന ഭൂപീന്ദർ സിങ്ങിന്റെ ആഭരണമണിഞ്ഞു റെഡ് കാർപ്പറ്റിലെത്തിയത്. 

1928 ലാണ് ഭൂപീന്ദർ സിങ് ഈ നെക്‌ലേസ് പണിയിച്ചത്. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രം കൊണ്ടാണ് നെക്‌ലേസ് പണിതത്. 1948 ൽ ഭൂപീന്ദറിന്റെ മകൻ യാദവിന്ദ്ര സിങ് രാജാവ് അണിഞ്ഞ ശേഷം ഈ ആഭരണം കാണാതായി. അരനൂറ്റാണ്ടിനു ശേഷം ്രപശസ്ത ഫ്രഞ്ച് ആഭരണ ബ്രാൻഡായ കാർട്ടിയയുടെ പ്രതിനിധി എറിക് നസ്ബൗം ആണു ലണ്ടനിൽ ഇതു കണ്ടെത്തിയത്. എന്നാൽ, വജ്രവും മാണിക്യവും അടക്കം നെക്‌ലേസിലെ പലതും നഷ്ടമായിരുന്നു. കാർട്ടിയ പിന്നീട് ഇതു പുനർനിർമിക്കുകയായിരുന്നു. 

മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ന്യൂയോർക്കിലെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനു വേണ്ടിയുള്ള ധനശേഖരണത്തിന് നടത്തുന്ന പ്രശസ്തമായ വാർഷിക ഫാഷൻ ഷോയാണ് മെറ്റ് ഗാല. പോപ് ഇതിഹാസം മെർലിൻ മൺറോയുടെ വസ്ത്രമണിഞ്ഞാണ് കിം കർദാഷിയാൻ റെഡ് കാർപ്പറ്റിലെത്തിയത്.