ഗ്രാനൈറ്റ് കമ്പനിക്കായി കൃഷിഭൂമി തട്ടിയെടുക്കുന്നു; കഴുത്തിൽ കുരുക്കിട്ട് സ്ത്രീകളുടെ പ്രതിഷേധം

ആന്ധ്രാപ്രദേശിലെ ഉറവകൊണ്ടയിൽ കഴുത്തിൽ കുരുക്കിട്ട് പ്രതിഷേധിച്ച് ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ. ഇവരുടെ കൃഷിഭൂമി ചിലർ ബലമായി തട്ടിയെടുത്ത് ഗ്രാനൈറ്റ് ഖനന കമ്പനിക്ക് പതിച്ചുനൽകുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് പ്രതിഷേധം. ബന്ധപ്പെട്ട അധികൃതർ തങ്ങളുടെ അപേക്ഷകൾ നിരസിച്ചാൽ മരണം മാത്രമാണ് മുന്നിലുള്ള വഴിയെന്നും ഇവർ പറയുന്നു.

ഗ്രാനൈറ്റ് കമ്പനിയിൽ നിന്നും തങ്ങൾ പണമൊന്നും വാങ്ങിയിട്ടില്ലെന്നും, മറ്റു ചിലർ തങ്ങളുടെ കൃഷിയിടം കമ്പനിക്ക് അനധികൃതമായി പണം വാങ്ങി പതിച്ചു നൽകുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ തങ്ങളുടെ പക്കലില്ല, ഈ ഭൂമിയിൽ കൃഷി ചെയ്യാൻ സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ മണ്ണുമാന്തികളുമായെത്തി കൃഷിനിലം മുഴുവൻ ഇല്ലാതാക്കുകയാണെന്നും ഇവർ പറയുന്നു.

ഇതിനിടെ, കൃഷിയിടത്തിലൂടെ റോഡ് നിർമിക്കാൻ ശ്രമിക്കുന്ന ഖനന കമ്പനിയെ തടഞ്ഞതിന് മുതുഗുള മണ്ഡലം റവന്യൂ ഓഫീസർ ഇവർക്കെതിരേ കള്ളക്കേസ് എടുക്കുകയാണെന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. വിഷയത്തിൽ ജോയിന്റ് കലക്ടർ അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്. 

തിങ്കളാഴ്ച വിശാഖപട്ടണം ജോയിന്റ് കളക്ടറുടെ ഓഫീസിൽ സമരം നടത്താനുള്ള തീരുമാനത്തിലാണ് ഈ ആദിവാസി കുടുംബങ്ങൾ.