വാതക ചോർച്ചാ ദുരന്തം; മരിച്ചവരുടെ ആശ്രിതർക്ക് 1 കോടി; കണ്ണീരൊപ്പി ജഗൻ

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് എൽ ജി പോളിമർ പ്ലാന്റിലുണ്ടായ വിഷവാതക ചോർച്ചയിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢി. ഫെയ്സ്ബുക്കിലും അദ്ദേഹം ഇക്കാര്യം പങ്കുവച്ചു. 13 പേരാണ് വിഷവാതകം ശ്വസിച്ച് മരിച്ചത്. 200 ലേറെ പേർ വിവിധ ആശുപത്രികളിൽ ചികിൽസയിൽ തുടരുകയാണ്. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്.

അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി. ഇതിെനാപ്പം ഗുരുതരാവസ്ഥയിൽ കഴിയുന്നവർക്ക് 10 ലക്ഷം രൂപയും നൽകും. വിവിധ ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നവരുടെ എല്ലാ ആശുപത്രി ചെലവും സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അപകടത്തിൽ മൃഗങ്ങളെ നഷ്ടപ്പെട്ടവർക്കും സർക്കാർ 25,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

വിശാഖപട്ടണത്തെ ആർ ആർ വെങ്കിടപുരത്തെ എൽ ജി പോളിമർ പ്ലാന്റിൽ നിന്നാൊണ് ഇന്ന് പുലർച്ചെ 2:30നാണ് വാതകചോർച്ച ഉണ്ടായത്. പി വി സി വാതകമായ,  സ്റ്റിറീനാണ് ചോർന്നത്. ആളുകൾ ഉറങ്ങിക്കിടക്കുന്ന സമയമായതിനാൽ കൂടുതൽ പേരിലും വലിയതോതിൽ വിഷവാതകം ഉള്ളിൽ ചെന്നു. ഇതാണ് ദുരന്തത്തിന്റെ ആക്കം കൂട്ടിയത്  രക്ഷപെടാൻ ഇറങ്ങിയോടിയവർ വഴിയിൽ കുഴഞ്ഞു വീണു.രണ്ടായിരത്തോളം പേർ വാതകം ശ്വസിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. പ്ലാന്റിന് സമീപത്തെ അഞ്ചു ഗ്രാമങ്ങളിലുള്ള ആളുകളെ ഒഴിപ്പിച്ചു. 

വിശാഖപട്ടണത്തേയ്ക്കുളള ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചോർച്ചയടച്ചതിനു പിന്നാലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിനു ശേഷം നിന്നലെ പ്രവർത്തനമാരംഭിച്ച പ്ലാന്റിൽ അറ്റകുറ്റപണികൾ നടക്കുകയായിരുന്നു. എന്നാൽ ചോർച്ചയുടെ കാരണം ഇനിയും വ്യക്തമല്ല. വാതകം ശ്വസിച്ചവരിൽ ലക്ഷണങ്ങൾ പ്രകടമാകാത്തവർക്ക് പിന്നീട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ വിലയിരുത്തൽ. ദുരന്തത്തിൽ പെട്ടവരുടെ ചികിത്സചിലവ് വഹിക്കുമെന്ന് എൽ ജി പോളിമേഴ്‌സ് അറിയിച്ചു.