ബിജെപിക്കൊപ്പമില്ല; പഞ്ചാബിൽ പോര് കോൺഗ്രസുമായി; ശിരോമണി അകാലി ദൾ

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനു മാസങ്ങൾ മാത്രം ശേഷിക്കെ, എൻഡിഎയിലേക്കു തിരിച്ചുപോക്കില്ലെന്ന പ്രഖ്യാപനവുമായി ശിരോമണി അകാലി ദൾ നേതാവ് സുഖ്ബീർ ബാദൽ. ദേശീയ മാധ്യമമായ ന്യൂസ് 18ന് അനുവദിച്ച അഭിമുഖത്തിലാണ് ബാദൽ നിലപാടു വ്യക്തമാക്കിയത്.കർഷക സമരത്തെ തുടർന്ന് കഴിഞ്ഞ വർഷമാണ് അകാലി ദൾ എന്‍ഡിഎ വിട്ടത്. വരുന്ന തിരഞ്ഞെടുപ്പിൽ ചരൺജിത്ത് ഛന്നിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിക്കാൻ അദ്ദേഹം കോൺഗ്രസിനെ വെല്ലുവിളിച്ചു.

‘100 വർഷം പഴക്കമുള്ള പാർട്ടിയാണ് അകാലി ദൾ. ആളുകൾ തെറ്റായ വാഗ്ദാനങ്ങളിൽ വ‍ഞ്ചിതരായതുകൊണ്ടാണു ഞങ്ങൾ തോറ്റത്. പക്ഷേ ഞങ്ങള്‍ക്കു ലഭിച്ച വോട്ടു ശതമാനത്തിൽ കാര്യമായ കുറവു വന്നില്ല. അം ആദ്മി പാർട്ടിയുടെ സ്വാധീനം കുറഞ്ഞു, കോൺഗ്രസും അകാലി ദളും തമ്മിൽ വളരെ കുറച്ച് അകലം മാത്രമാണ് ഇപ്പോൾ ഉള്ളത്. 

അമരിന്ദർ സിങ് പാർട്ടി വിട്ടതു കോൺഗ്രസിനു തിരിച്ചടിയാകും. തിരഞ്ഞെടുപ്പിൽ സീറ്റു ലഭിക്കാത്ത ഒട്ടേറെ ആളുകൾ ക്യാപ്റ്റനൊപ്പം ചേരും. മുഖ്യമന്ത്രി എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കാൻ ഛന്നിയെ അനുവദിക്കുന്നില്ല. സർക്കാരിന്റെ പ്രവർത്തനം നിയന്ത്രിക്കുന്നത് നവജ്യോത് സിങ് സിദ്ദുവാണ്. ദളിത് വിഭാഗത്തിൽപ്പെട്ട ആളെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയതുകൊണ്ട് കോൺഗ്രസിനു കൂടുതൽ വോട്ടുകൾ ലഭിക്കില്ല. 

ഛന്നിതന്നെയാണോ ശരിക്കും മുഖ്യമന്ത്രി? രണ്ടു മാസമായി അദ്ദേഹം അധികാരം ഏറ്റിട്ട്. അദ്ദേഹത്തെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കുന്നുണ്ടോ? അടുത്ത തവണ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഛന്നിയെ പ്രഖ്യാപിക്കാൻ തയാറുണ്ടോ? കോൺഗ്രസിനെ വെല്ലുവിളിക്കുന്നു. 

സിദ്ദു ഞങ്ങൾക്കു വെല്ലുവിളിയല്ല. കോൺഗ്രസിനാണു വെല്ലുവിളി. സിദ്ദുവിനെക്കുറിച്ച് ഓർത്തു തല പുകയ്ക്കേണ്ടതു കോൺഗ്രസ്തന്നെയാണ്. 2017ൽ പൊട്ടിമുളച്ച കുമിള മാത്രമാണ് ആം ആദ്മി പാർട്ടി. ഓരോ വർഷവും അവരുടെ ശക്തി ക്ഷയിച്ചു വരികയാണ്. കേജ്‌രിവാളിന്റെ യോഗങ്ങളിൽ കഷ്ടിച്ചു 300 പേരാണു പങ്കെടുക്കുന്നത്. 

എൻഡിഎ ഞങ്ങളെ പിന്നിൽനിന്നു കുത്തി. ഞങ്ങളെ അറിയിക്കാതെയാണ് അവർ കർഷക നിയമങ്ങൾ കൊണ്ടുവന്നത്. ഞങ്ങൾക്ക് അവർ വില നൽകിയില്ല. ഇനി എൻഡിഎയിലേക്കു തിരിച്ചു പോകാനാകില്ല. അമരിന്ദർ സിങ്ങിന് എല്ലായ്പ്പോഴും ബിജെപിയോട് ഒരു ചായ്‌വുണ്ടായിരുന്നു. ബിജെപിക്കും അദ്ദേഹത്തോടു താൽപര്യമാണ്.

മുഖ്യമന്ത്രി എന്ന നിലയിൽ ക്യാപ്റ്റൻ ഒന്നും ചെയ്തിരുന്നില്ല. അർഹിച്ചതു തന്നെയാണ് അദ്ദേഹത്തിനു കോൺഗ്രസിൽനിന്നു ലഭിച്ചത്. നിഷ്ഠൂരമായ പാർട്ടിയാണു കോൺഗ്രസ്. നാളെ അവർ സിദ്ദുവിനെയും പുറത്താക്കും. മുഖ്യമന്ത്രിക്കസേരയാണു സിദ്ദുവിന്റെ ലക്ഷ്യം. നാളെ സിദ്ദുവിനു മറ്റൊരു പാർട്ടി ഉണ്ടാക്കേണ്ടിവരും. ’‌ബാദൽ പറഞ്ഞു.