‘മാർച്ചിൽ ശിവസേന സർക്കാരിനെ ബിജെപി വീഴ്ത്തും’: വിവാദമിട്ട് റാണെ

‘അടുത്ത മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് രണ്ട് കൊല്ലം മുൻപ്, കൃത്യമായി പറഞ്ഞാൽ, വരുന്ന മാർച്ചോടെ, ശിവസേന സർക്കാരിനെ ബിജെപി താഴെയിറക്കും' പറയുന്നത് മറ്റാരുമല്ല, മഹാരാഷ്ട്ര മുഖ്യമന്ത്രിയെ കരണത്തടിക്കും എന്ന് പറഞ്ഞതിന് പൊലീസ് അടുത്തിടെ അറസ്‌റ്റ് ചെയ്‌ത കേന്ദ്രമന്ത്രി നാരായൺ റാണെ.

ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്‌ത വിഡിയോയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയതായി തെളിഞ്ഞത്. '2022 മാർച്ചോടെ ബിജെപി മഹാരാഷ്ട്രയിൽ അധികാരത്തിലെത്തും. ആ മാറ്റത്തിന് അന്നേരം നിങ്ങൾ സാക്ഷ്യം വഹിക്കും' കേന്ദ്രമന്ത്രി പറഞ്ഞു. 'എനിക്ക് കൂടുതൽ കാര്യങ്ങൾ ഇപ്പോൾ തുറന്നു പറയാൻ പറ്റില്ല. സർക്കാരിനെ താഴെ വീഴ്ത്തുന്നത് രഹസ്യമായി ചെയ്യേണ്ട പദ്ധതിയാണ്. ഒരു സർക്കാർ സ്‌ഥാപിക്കാൻ, ഒരു ഭരണകൂടത്തെ തകർക്കാൻ, ചില കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ടി വരും' മന്ത്രി കൂട്ടിച്ചേർത്തു.

2019ൽ ശിവസേനയുടെ പങ്കാളിത്തത്തോടെ തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ആരാകും മഹാരാഷ്ട്ര മുഖ്യമന്ത്രിയെന്ന തർക്കത്തിൽ ബിജെപിയും സേനയും ബന്ധം അവസാനിപ്പിക്കുകയായിരുന്നു.