സ്ത്രീകളുടെ എണ്ണം പുരുഷൻമാരെ മറികടന്നു; ഇന്ത്യയിൽ ആദ്യം; പ്രത്യുൽപാദനം കുറഞ്ഞു

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ദേശീയ കുടുംബ ആരോഗ്യ സർവേ പ്രകാരം, ഇന്ത്യയിൽ ഒരു സ്ത്രീക്കു ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞു. 2.2 ആയിരുന്നു 2015–16 കാലയളവിലെ ദേശീയ പ്രത്യുൽപാദന നിരക്ക്. രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷൻമാരുടെ എണ്ണത്തെയും മറികടന്നു. 1000 പുരുഷൻമാർക്ക് 1020 സ്ത്രീകൾ എന്നതാണു പുതിയ നിരക്ക്. സർവേ നടത്തിയ സംസ്ഥാനത്തിലെ 67 ശതമാനം ആളുകൾ കുടുംബാസൂത്രണ മാർഗങ്ങൾ അവലംബിക്കുന്നതായും റിപ്പോർട്ടിലുണ്ട്. നേരത്തെ ഇത് 57 ശതമാനം ആയിരുന്നു. 

യുഎൻ ജനസംഖ്യാവിഭാഗത്തിന്റെ കണക്കുകൾ പ്രകാരം ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് (ടിഎഫ്ആർ) 2.1ൽ താഴെയുള്ള രാജ്യങ്ങളിൽ പ്രത്യുൽപാദന നിരക്കു കുറവായാണു കണക്കാക്കപ്പെടുന്നത്. 2019–21 വർഷത്തിൽ നടത്തിയ സർവേ പ്രകാരം ഗ്രാമങ്ങളിൽ 1.6ഉം നഗരങ്ങളിൽ 2.1ഉമാണു പ്രത്യുൽപാദന നിരക്ക്. രാജ്യത്തെ ജനസംഘ്യ ദീർഘകാല അടിസ്ഥാനത്തിൽ സ്ഥിരത കൈവരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതിൽനിന്നു ലഭിക്കുന്നതെന്നു ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് ഡയറക്ടർ ഡോ. കെ.എസ്. ജയിസ് ദേശീയ മാധ്യമത്തോടു പറഞ്ഞു.

‘കണക്കുകൾ പ്രകാരം ഒരു അച്ഛനും അമ്മയ്ക്കും പകരമായി 2 കുട്ടികൾ വരും. പ്രത്യുൽപാദന നിരക്ക് 2.1ൽ എത്തുന്നതാണു രാജ്യത്തിനു ഗുണകരം. അതുകൊണ്ടുതന്നെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ സാധിക്കും’– അദ്ദേഹത്തിന്റെ വാക്കുകൾ. 

സർവേ പ്രകാരം ബിഹാർ (3), മേഘാലയ (2.9), ഉത്തർ പ്രദേശ് (2.4), ജാർഘണ്ഡ് (2.3), മണിപ്പുർ (2.2) എന്നീ സംസ്ഥാനങ്ങളിലാണ് പ്രത്യുൽപാദന നിരക്ക് 2നു മുകളിലുള്ളത്. മധ്യപ്രദേശിലും രാജസ്ഥാനിലും ടിഎഫ്ആർ ദേശീയ ശരാശരിയായി 2 ആണ്. ബംഗാൾ, മഹാരാഷ്ട്ര (1.6 വീതം), കർണാടക, ആന്ധ്രാ പ്രദേശ്, ഹിമാചൽ പ്രദേശ്, നാഗാലാൻഡ്, ത്രിപുര (1.7), കേരളം, തമിഴ്നാട്, തെലങ്കാന, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഡ്, ഒഡിഷ (1.8), ഹരിയാന, അസം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മിസോറം (1.9) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ പ്രത്യുൽപാദന നിരക്ക്.