പൊന്നും വിലയായി തക്കാളി; 140 കടന്നു; 85ന് കൊടുക്കാൻ സ്റ്റാലിൻ സർക്കാർ ഇടപെടൽ

തമിഴ്നാട്, കർണാടക, ആന്ധ്രാ എന്നിവടങ്ങളിൽ പെയ്ത കനത്ത മഴ തെന്നിന്ത്യയിൽ പച്ചക്കറി വില കുതിച്ചുയരുന്നതിന് കാരണമാവുകയാണ്. മാസങ്ങൾക്ക് മുൻപ് മതിയായ വില ലഭിക്കാതെ കർഷകർ തെരുവിൽ കൂട്ടമായി തള്ളി പ്രതിഷേധിച്ച തക്കാളിക്ക് ഇന്ന് െപാന്നുവിലയാണ്. കിലോയ്ക്ക് 120 മുതൽ 140 രൂപ വരെ തക്കാളി വില ഉയർന്നിരിക്കുകയാണ്. ഇതോടെ സാധാരണക്കാരൻ പ്രതിസന്ധിയിലായി. ഇതിന് പിന്നാലെ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് തക്കാളി ലഭ്യമാക്കാൻ അടിയന്തര ഇടപെടലാണ് തമിഴ്നാട് സർക്കാർ നടത്തുന്നത്.

സർക്കാർ നേരിട്ട് ശേഖരിച്ച തക്കാളി അത് 85 രൂപയ്ക്ക് വിപണിയിൽ എത്തിക്കും. ആദ്യ ഘട്ടത്തിൽ ദിനംപ്രതി 15 മെട്രിക് ടൺ പച്ചക്കറി വിപണി വിലയിൽ നിന്നും കുറഞ്ഞ നിലയിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ നീക്കം. തക്കാളി 85–100നും ഇടയിൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമം. ചെന്നൈയിൽ 100 കടന്നിരിക്കുകയാണ് തക്കാളി വില. പുതുച്ചേരിയിൽ 90, ബെംഗളൂരുവിൽ 88, ഹൈദരാബാദ് 65 എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. കേരളത്തിൽ 120 അടുത്ത് വിലയെത്തി.

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്നാട്ടിലും ആന്ധ്രയിലും ആയിരക്കണക്കിന് ഹെക്ടർ തക്കാളി കൃഷി നശിച്ചതാണ് ഇത്തരത്തിൽ വില കുതിച്ചുയരാൻ കാരണം. ചെന്നൈ മാർക്കറ്റിൽ മാത്രം സാധാരണ ദിവസങ്ങളിൽ എത്തുന്നതിനേക്കാൾ ശരാശരി 400 ടൺ തക്കാളി കുറവാണ് ഇപ്പോൾ വരുന്നതെന്നാണ് റിപ്പോർട്ട്.