'മാപ്പിൽ കാര്യമില്ല; കര്‍ഷകരുടെ മരണത്തിന്റെ ഉത്തരവാദിത്തം മോദി ഏറ്റെടുക്കണം'

കർഷക നിയമത്തിനെതിരെ സമരം നടത്തുകയും അതിനിടെ ജീവൻ പൊലിയുകയും ചെയ്ത കർഷകരുടെ മരണങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നിങ്ങൾ ഏറ്റെടുക്കുമോ എന്ന ചോദ്യവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് രംഗത്ത്. മാപ്പു പറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്ന് താരം ട്വിറ്ററിലൂടെ വ്യക്തമാക്കി. തെലുങ്കാന മുന്‍സിപ്പല്‍ അഡ്മിനിസ്‌ട്രേഷന്‍-നഗര വികസന വകുപ്പ് മന്ത്രി കെ ടി രാമറാവുവിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ പ്രതികരണം. കർഷക പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട 750 കർഷകർക്ക് തെലങ്കാന സർക്കാർ 3 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. കാർഷിക നിയമങ്ങൾക്കെതിരെ പോരാടി ജീവൻ നഷ്ടപ്പെട്ട 750-ലധികം കർഷകർക്ക് 3 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെ ഓർത്ത് അഭിമാനിക്കുന്നുവെന്നും രാമറാവു ട്വീറ്റിൽ പറയുന്നു.

മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ സമരം ആരംഭിച്ചതു മുതൽ കർഷകരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നയാളാണ് പ്രകാശ് രാജ്.