വാക്സീൻ ഇടവേള കുറയ്ക്കില്ല; വ്യക്തത വരുത്തി കേന്ദ്രസർക്കാരിന്റെ വിദഗ്ധസമിതി

കേരള ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്സീന്‍റെ ഇടവേള കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്രസര്‍ക്കാരിന്‍റെ വിദഗ്ധ സമിതി. ഇന്ത്യയുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ബ്രിട്ടന്‍റെ സംശങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും വിദഗ്ധസമിതി വ്യക്തമാക്കി. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 

സ്വകാര്യ ആശുപത്രികളിലെ വാക്സീന്‍ വിതരണത്തില്‍ ഇടവേളയില്‍ ഇളവ് അനുവദിച്ചേക്കുമെന്ന് റോയിറ്റേഴ്സാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാക്സിനേഷന്‍ വിദഗ്ധ സമിതി ഇത് തള്ളി. കോവിഷീല്‍ഡ് ആദ്യ ഡോസെടുത്ത് രണ്ടാം ഡോസിന് 12 ആഴ്ച്ചയുടെ ഇടവേളയെന്ന മാര്‍ഗനിര്‍ദേശത്തില്‍ തല്‍ക്കാലം മാറ്റംവരുത്തില്ല.

വാക്സിനേഷന് രാജ്യമാകെ ഒറ്റമാനദണ്ഡമേ നടപ്പാക്കാന്‍ കഴിയൂ. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇടവേള നിശ്ചയിച്ചത്. പുതിയ പഠനങ്ങളുെട അടിസ്ഥാനത്തില്‍ മാറ്റംവന്നേക്കാം. വിദ്യാര്‍ഥികള്‍ക്കും കായിക താരങ്ങള്‍ക്കും ഇളവ് നല്‍കിയത് നിര്‍ബന്ധിത സാഹചര്യമായതിനാലാണെന്നും വിദഗ്ധസമിതി വ്യക്തമാക്കി. വിദേശയാത്ര എളുപ്പമാക്കാന്‍ വാക്സിനേഷന്‍ സര്‍ട്ടിഫക്കറ്റുകള്‍ രാജ്യങ്ങള്‍ പരസ്പരം അംഗീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ വിളിച്ച കോവിഡ് പ്രതിരോധ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. ലോകത്തിെല മികച്ച പോര്‍ട്ടലാണ് കോവിന്‍ എന്ന് ഇന്ത്യയുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചുള്ള ബ്രിട്ടന്‍റെ സംശയം തള്ളി വിദഗ്ധ സമിതി പറഞ്ഞു. കോവിന്‍ സൗകര്യം ഉപയോഗിക്കാന്‍ വിവിധ രാജ്യങ്ങള്‍ താല്‍പര്യം കാണിച്ചിട്ടുണ്ടെന്നും വിദഗ്ധ സമിതി കൂട്ടിച്ചേര്‍ത്തു. 24 മണിക്കൂറിനിടെ 31,923 കോവിഡ് കേസുകളും 282 മരണവും റിപ്പോര്‍ട്ട് ചെയ്തു.