‘ചടങ്ങ് കഴിഞ്ഞു; വാക്സീനേഷൻ നിരക്ക് കുത്തനെ ഇടിഞ്ഞു’; ഗ്രാഫുമായി രാഹുൽ

കോവിഡ് വാക്സിനേഷൻ നിരക്ക് റെക്കോർഡ് നേട്ടത്തിൽ നിന്നു കുത്തനെ താഴ്ന്നതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽഗാന്ധി രംഗത്ത്. ‘ചടങ്ങ് അവസാനിച്ചു’ എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. വാക്സിനേഷൻ ഹാഷ്ടാഗ് ഓടെയാണ് പരിഹാസം. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിവസം രണ്ടര കോടി പേർക്കാണ് കോവിഡ് വാക്സീൻ നൽകിയത്. ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതൽ പേ‍ര്‍ക്കു വാക്സീൻ നൽകിയ രാജ്യം എന്ന റെക്കോർഡും ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനടുത്ത ദിവസം കുത്തനെ താഴുകയായിരുന്നു. പത്ത് ദിവസത്തെ കോവിഡ് വാക്സിനേഷൻ നിരക്ക് ചൂണ്ടിക്കാട്ടുന്ന ഗ്രാഫും ട്വീറ്റിനൊപ്പം രാഹുൽ പങ്കുവെച്ചിട്ടുണ്ട്.

വെള്ളിയാഴ്ച്ചയായിരുന്നു പ്രധാനമന്ത്രിയുടെ പിറന്നാൾ. ജൂൺ മാസത്തിൽ 2.47 കോടി പൗരൻമാ‍ർക്ക് വാക്സീൻ നൽകിയ ചൈനയെ മറികടന്നാണ് ഇന്ത്യ റെക്കോർഡ് നേട്ടം സ്വന്തമാക്കിയത്. ഇനിയുള്ള ദിവസങ്ങളിലും ഇതുപോലെ വാക്സിനേഷൻ നടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇതാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽഗാന്ധി കുറിച്ചിരുന്നു.