‘ക്ഷേമപദ്ധതികൾക്ക് പണം വേണ്ടേ’; ഇന്ധനവില വർധനവിനെ കുറിച്ച് പെട്രോളിയം മന്ത്രി

കോവിഡ് പ്രതിസന്ധി വലയ്ക്കുന്നതിനൊപ്പം ഇന്ധന വില വർധനവ് രാജ്യത്തെ സാധാരണക്കാരുടെ നടുവൊടിക്കുകയാണ്. നിയന്ത്രണമില്ലാതെ ഉയരുന്ന വിലയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയ മറുപടി ഇപ്പോൾ ചർച്ചയാവുകയാണ്. പെട്രോൾ–ഡീസൽ വില വർധനവ് വലിയ പ്രശ്നമാണ് അംഗീകരിക്കുന്നു. പക്ഷേ ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തേണ്ടേ എന്നാണ് അദ്ദേഹം തിരിച്ച് ചോദിക്കുന്നത്. 

സൗജന്യ വാക്സീനിന് അടക്കം പണം കണ്ടെത്തണമെന്നും ഇൗ നികുതി വരുമാനം ക്ഷേമപദ്ധതികൾക്ക് ഉപയോഗിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കുന്നു. ഈ വര്‍ഷം മാത്രം പാവപ്പെട്ടവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഒരു ലക്ഷം കോടി രൂപ ചെലവഴിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിച്ച രാഹുൽ ഗാന്ധിയെയും മന്ത്രി വിമർശിച്ചു. ഇന്ധന വില കുറയ്ക്കാൻ പറയുന്ന രാഹുൽ, കോൺഗ്രസ് സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോട് വില കുറയ്ക്കാൻ പറയണം. രാജസ്ഥാൻ, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരോട് സംസ്ഥാനത്ത് വില കുറയ്ക്കാൻ രാഹുൽ പറയണമെന്നാണ് മന്ത്രിയുടെ മറുവാദം.