നിയന്ത്രണങ്ങൾ ലംഘിച്ചോ? പണം വേണ്ട പാട്ട് മതി; പൊലീസിന്റെ മധുരപ്രതികാരം

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങി കറങ്ങി നടക്കുന്നവര്‍ക്ക് ശകാരം മുതല്‍ ചൂരല്‍ കഷായം വരെ നടത്തി പരാജപ്പെട്ട തമിഴ്നാട് കമ്പം പൊലീസ് പുതിയൊരു ശിക്ഷാ മാര്‍ഗം തിരഞ്ഞെടുത്തിരിക്കുകയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ പാട്ട് പാടിച്ചാണ് പൊലീസിന്റെ മധുര പ്രതികാരം. 

കമ്പം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ലോക്ഡൗണ്‍ നിയന്ത്രണം തെറ്റിച്ചിറങ്ങുന്നവര്‍ സൂക്ഷിക്കുക. പഴയതുപോലെ പിഴയടച്ച് തടിയൂരാമെന്ന് കരുതണ്ട. ഇതുപോലെ പാടുപാടേണ്ടി വരും. വിലക്ക് ലംഘിച്ച് കറങ്ങി നടന്ന 12 പേരെയാണ് പൊലീസ് പിടികൂടിയത്. പലരും പിഴയൊടുക്കാന്‍ കാശില്ലെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പണം വേണ്ട പാട്ട് മതി എന്നയിരുന്നു പൊലീസിന്റെ മറുപടി. പിടികൂടിയവരെ സ്‌റ്റേഷന്‍ പരിസരത്തെ പുല്‍ത്തകിടിയില്‍ സാമൂഹിക അകലം പാലിച്ച് ഇരുത്തി. തുടര്‍ന്ന് സമീപത്തുള്ള ക്ഷേത്രത്തില്‍ നിന്നും നാദസ്വര കച്ചേരിക്കാരെത്തി. പിന്നെ ഒരു മണിക്കൂറോളം നീണ്ട കച്ചേരി.

പിഴയീടാക്കാതെ ബോധവല്‍കരണം നല്‍കിയാണ് എല്ലാവരെയും മടക്കിയയച്ചത്. സ്‌റ്റേഷനിലെ പാട്ട് പിഴ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇവിടങ്ങളില്‍ ആള്‍ത്തിരക്കും കുറഞ്ഞിട്ടുണ്ട്.