ഇനി ‘കേന്ദ്ര സർക്കാര’ല്ല; ‘യൂണിയൻ ഗവൺമെന്റ്’; വാക്കും മാറ്റി സ്റ്റാലിൻ

ജനപ്രിയ നടപടികളിലൂടെയും തമിഴകത്തിന് പതിവില്ലാത്ത സൗഹൃദരാഷ്ട്രീയ കാഴ്ചപ്പാടുകളിലൂടെയും മുന്നോട്ടുപോവുകയാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഡിഎംകെയും. രാഷ്ട്രീയനീക്കങ്ങളിലും ഇപ്പോൾ ഒരുപടി കടന്ന് മുന്നേറുകയാണ് സർക്കാർ. കേന്ദ്രസർക്കാരിനെ വിശേഷിപ്പിക്കാൻ ഒന്‍ഡ്രിയ അരസ് (യൂണിയൻ ഗവൺമെന്റ്) എന്ന പദമാണ് ഇപ്പോൾ സർക്കാർ ഉപയോഗിക്കുന്നത്. നിലവിൽ ഈ വാക്ക് സർക്കാർ രേഖകളിൽ ഉപയോഗിച്ചിരുന്നില്ല. ഡിഎംകെ വന്നതോടെ ഈ പദം ഔദ്യോഗിക രേഖകളിലും ഒരു ഇടവേളയ്ക്ക് ശേഷം ഉപയോഗിച്ചു തുടങ്ങി.

സർക്കാർ ഉത്തരവുകൾ, പാർട്ടി സമ്മേളനങ്ങൾ, വാർത്താ സമ്മേളനം എന്നിവടങ്ങളിൽ ഇനി യൂണിയൻ ഗവൺമെന്റ് എന്നാകും ഉപയോഗിക്കുക. മുഖ്യമന്ത്രിമാരായിരുന്ന അണ്ണാ ദുരൈയുടെയും കരുണാനിധിയുടേയും കാലത്ത് ഉപയോഗിച്ചിരുന്നത് ഈ പദമാണ്. ഇടയ്ക്ക് വച്ച് ഒന്‍ഡ്രിയ അരസ് എന്നതിന് പകരം മാത്തിയ അരസ് (കേന്ദ്രസർക്കാർ) എന്ന പദം തമിഴ്നാട് ഉപയോഗിച്ച് തുടങ്ങി. ഇപ്പോൾ സ്റ്റാലിൻ ആ പഴയ പ്രയോഗം വീണ്ടും കൊണ്ടുവന്നിരിക്കുകയാണ്. ഭാഷാ രാഷ്ട്രീയത്തിനും ഭാഷാ പ്രയോഗങ്ങൾക്കും ഏറെ സ്വാധീനമുള്ള ദ്രാവിഡ മണ്ണിൽ ഈ തീരുമാനം വലിയ ചർച്ചയാവുകയാണ്.