രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി മരണം

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. എന്നാല്‍ ആശങ്കയായി മരണം നാലായിരത്തിന് മുകളില്‍ തന്നെ തുടരുന്നു. ബംഗാളില്‍ ഇന്ന് മുതല്‍ രണ്ട് ആഴ്ച്ചത്തേയ്ക്ക് ലോക്ഡൗണ്‍ നടപ്പാക്കി. ഗ്രാമങ്ങളില്‍ രോഗം പിടിമുറുക്കിയതോടെ പ്രതിരോധം ശക്തമാക്കാന്‍ ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. വാക്സീന്‍ സ്വീകരിക്കുന്നവരുടെ നിരീക്ഷണ കാലയളവ് വര്‍ധിപ്പിക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.  സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യത്തില്‍ നാളെ തീരുമാനമുണ്ടായേക്കും. 

രാജ്യത്ത് 24 മണിക്കൂറിനിടെ 4,077 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയത്. 3,11,170 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 3,62,437 രോഗമുക്തര്‍. കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലാണ് 53.15 ശതമാനം പുതിയ രോഗികളും.‌ കര്‍ണാടകയില്‍ നിന്ന് മാത്രം 13.39 ശതമാനം കേസുകളും. കര്‍ണാടകയിലെ 17 ജില്ലകള്‍ രോഗബാധ ഉയരുന്നു. ഏപ്രില്‍ 5 മുതല്‍ ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒരുലക്ഷത്തിന് മുകളിലാണ്. ഇതുവരെ 2,46,84,077 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2,07,95,335 രോഗമുക്തര്‍. മരണസംഖ്യ 2,70,284. മരണനിരക്ക് 1.09 ശതമാനവും രോഗമുക്തി നിരക്ക് 84.25 ശതമാനവുമാണ്. ബംഗാളില്‍ മേയ് 30വരെയാണ് ലോക്ഡൗണ്‍. പൊതുഗതാഗതമുണ്ടാകില്ല. അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. ഡല്‍ഹിയില്‍ ലോക്ഡൗണ്‍ മേയ് 24വരെ കൂടി നീട്ടി. വാക്സീന്‍ സ്വീകരിക്കുന്നവര്‍ക്ക് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് നിരീക്ഷിക്കുന്നത് നിലവില്‍ 72 മണിക്കൂറാണ്. കൂടുതല്‍ വാക്സീനുകള്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ നിരീക്ഷണ കാലയളവ് 28 ദിവസമായി വര്‍ധിപ്പിക്കണമെന്ന് വിദഗ്ധരുടെ അഭിപ്രായം. റഷ്യന്‍ നിര്‍മിത സ്പുട്നിക് വാക്സീന്‍റെ രണ്ടാം ബാച്ച് ഹൈദരാബാദിലെത്തി.