16 പേരെയും തിരിച്ചെടുത്തു; 5 പേർ മടങ്ങാൻ ഒരുക്കമല്ല; തേജസ്വിയ്ക്ക് മറുപടി

17 മുസ്‌ലിം ജീവനക്കാര്‍ക്കെതിരെ തേജസ്വി സൂര്യ ഉന്നയിച്ച ആരോപണങ്ങൾ തെളിക്കാൻ പൊലീസിനും കഴിയാതെ വന്നതോടെ ഇതിൽ 16 ജീവനക്കാരെ തിരിച്ചെടുക്കാൻ കോർപ്പറേഷൻ തീരുമാനിച്ചു. എന്നാൽ ഇതിൽ അ‍ഞ്ചു ജീവനക്കാർ ജോലിയിൽ പ്രവേശിക്കാൻ തയാറായില്ലെന്നാണ് റിപ്പോർട്ടുകൾ. എംപിയുടെ വാക്കുകൾ ഉണ്ടായ മാനസിക ബുദ്ധിമുട്ടാണ് ഇതിന് കാരണം. ദേശീയ തലത്തിൽ തന്നെ വിഷയം ചർച്ചയാവുകയും മുസ്​ലിംങ്ങൾ തന്റെ സഹോദരങ്ങളാണെന്നും ഡി.കെ ശിവകുമാർ അടക്കമുള്ള നേതാക്കൾ രംഗത്തെത്തി വിശദീകരിച്ചിരുന്നു.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് കിടക്ക, ലക്ഷങ്ങള്‍ വാങ്ങി കരിഞ്ചന്തയില്‍ മറിച്ചുവില്‍ക്കുന്ന റാക്കറ്റിനെ കുറിച്ചുള്ള വിവരങ്ങള്‍ തേജസ്വി സൂര്യയാണു കഴിഞ്ഞദിവസം പുറത്തുവിട്ടത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക(ബിബിഎംപി) ഓഫിസിലെത്തി ക്ഷോഭിക്കുന്ന വിഡിയോ പുറത്തായതോടെയാണു വിവാദം ആരംഭിച്ചത്. 

അഴിമതി ആരോപണത്തിൽ വാർ റൂമിലെ 212 ജീവനക്കാരിൽ 17 പേരുടെ പേരാണ് തേജസ്വി വായിച്ചത്. ഇവരെ മദ്രസയിലേക്കാണോ കോര്‍പ്പറേഷനിലേക്കാണോ നിയമിച്ചതെന്ന് ഒപ്പമുണ്ടായിരുന്നു തേജസ്വിയുടെ അമ്മാവനും എംഎൽഎയുമായി രവി സുബ്രഹ്മണ്യവും ചോദിച്ചതിനു പിന്നാലെ ഇതിലെ 16 പേരുടെ പേരുകൾ 'ബിബിഎംപി വാര്‍ റൂമില്‍ ആയിരക്കണക്കിന് ബെംഗളൂരു നിവാസികളെ കൊന്നൊടുക്കുന്നവരുടെ പട്ടിക' എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെയാണ് തേജസ്വി മാപ്പു പറയണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധം ഉണ്ടായത്. എന്നാല്‍ വര്‍ഗീയ പ്രചാരണം നടത്തിയിട്ടില്ലെന്നും തനിക്കു നല്‍കിയ ലിസ്റ്റിലെ പേരുകള്‍ വായിക്കുക മാത്രമാണു ചെയ്തതെന്നും തേജ്വസി പറഞ്ഞിരുന്നു.