‘മുഖ്യമന്ത്രി എന്നും ടിവിയിൽ വന്ന് പറയുന്നു കുഴപ്പമില്ലെന്ന്’; നടുക്കും ചിത്രവുമായി പ്രിയങ്ക

ഉത്തർപ്രദേശിൽ കോവിഡിനെ ചെറുക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ഓക്സിജൻ ക്ഷാമം ഇല്ലെന്നും ആവർത്തിച്ച് വ്യക്തമാക്കുകയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എന്നാൽ അതേ സമയം വീഴ്ചകൾ അക്കമിട്ട് നിരത്തി പ്രിയങ്കാ ഗാന്ധിയും സജീവമാണ്. ഇപ്പോൾ ആഗ്രയിൽ നിന്നുള്ള ഒരു ചിത്രം ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കിട്ടാണ് പ്രിയങ്കയുടെ രോഷം.

കോവിഡ് രോഗികൾക്ക് ആംബുലൻസ് സൗകര്യം പോലും ആവശ്യത്തിനില്ലെന്ന് വ്യക്തമാക്കുകയാണ് പ്രിയങ്ക. മുചക്രവാഹനത്തിൽ രോഗിയെ കിടത്തി ആശുപത്രിയിലേക്ക് പോകുന്ന യുവാക്കളുടെ ചിത്രമാണ് അവർ പങ്കുവച്ചിരിക്കുന്നത്. ആംബുലൻസ് സൗകര്യം പോലും ഒരുക്കുന്നില്ല. മുഖ്യമന്ത്രി എന്നും ടിവിയിൽ വന്നിട്ട് ഒന്നിനും കുറവില്ലെന്ന് പറയുന്നു. രോഷത്തോടെ പ്രിയങ്ക കുറിച്ചു. 

അതേസമയം കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് നിലവിലെ സ്ഥിതിയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അനാവശ്യ ആശങ്ക കാര്യങ്ങള്‍ വഷളാക്കുന്നു. ആശുപത്രികള്‍ ഓക്സിജന്‍  ഉപയോഗത്തില്‍ കൃത്യതയും കാര്യക്ഷമതയും കൂട്ടണം. രാജ്യത്ത് മതിയായ ഓക്സിജനുണ്ട്, വിതരണത്തിനാണ് പ്രതിസന്ധി. സ്ത്രീകള്‍ക്ക് ആര്‍ത്തവദിവസങ്ങളിലും വാക്സീന്‍ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ വീടുകളിലും മാസ്ക് ധരിക്കുന്നതാണ് ഉചിതമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.