‘മാസ്ക് ധരിക്കാൻ ഭാര്യ സമ്മതിക്കുന്നില്ല; അവളും ധരിക്കില്ല’; കേസായപ്പോൾ യുവാവ്

മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരോട് തർക്കിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ദമ്പതികളുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഡൽഹിയിൽ മാസ്ക് ധരിക്കാതെ കാറിൽ യാത്ര ചെയ്ത ദമ്പതികളാണ് പൊലീസിനോട് കയർത്ത് സംസാരിച്ചത്.  പങ്കജ് ദത്ത എന്ന യുവാവും ഭാര്യയും മാസ്ക് ധരിക്കാതെ കാറിൽ വരുമ്പോൾ പൊലീസ് പിടിച്ചു. എന്നാൽ സ്വകാര്യ വാഹനത്തിൽ മാസ്ക് വേണ്ടെന്ന വാദമാണ് ഇരുവരും ഉയർത്തിയത്. റോഡ് പൊതു ഇടമാണെന്നും ഉയരുന്ന കോവിഡ് കണക്കും ചൂണ്ടിക്കാട്ടി കാര്യം പറയാൻ പൊലീസ് ശ്രമിച്ചെങ്കിലും യുവതി വൻ തർക്കത്തിലേക്ക് കടന്നു. ഇതോടെ ഇരുവർക്കെതിരെയും പൊലീസ് കേസെടുത്തു.

കേസായതോടെ ഭാര്യയെ തള്ളിപ്പറഞ്ഞ് യുവാവ് രംഗത്തെത്തി. ‘അവൾ ചെയ്തത് തെറ്റാണ്. പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കണമെന്ന് ഞാൻ വളരെക്കാലമായി ഭാര്യയോട് പറയാറുണ്ട്, പക്ഷേ അവൾ മാസ്ക് ധരിക്കാന്‍ വിസമ്മതിക്കും, എന്നെയും മാസ്ക് ധരിക്കാൻ അനുവദിക്കാറില്ല.’ യുവാവ് വ്യക്തമാക്കുന്നു. വിഡിയോ കാണാം.