ഇന്ത്യയിലേക്കാൾ 22 രൂപ കുറവ്; നേപ്പാളിൽ നിന്ന് പെട്രോൾ കടത്ത്; നിയന്ത്രണം

ഇന്ത്യയില് ഇന്ധനവില ദിനം പ്രതി കൂടുന്നത് അനുസരിച്ച് നേട്ടം കൊയ്യാന് ശ്രമിക്കുകയാണ് അതിര്ത്തി പ്രദേശത്ത് താമസിക്കുന്നവര്. ഇന്ത്യ - നേപ്പാൾ അതിര്ത്തിയിലാണ് ഇന്ധനക്കടത്ത് വ്യാപകമായത്. ഇന്ത്യയിൽനിന്നുള്ള വാഹനങ്ങൾക്ക് ഇന്ധനം കൊടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് നേപ്പാൾ.

കന്നാസുമായി സൈക്കിളിലും ബൈക്കിലും എത്തി ലീറ്റർ കണക്കിന് പെട്രോളും ഡീസലും വാങ്ങി ഇന്ത്യയിൽ മറിച്ച് വിൽക്കുന്നതിനെ തുടർന്നാണു നടപടി. ഇനി മുതൽ ഇന്ത്യയിൽനിന്നുള്ള വാഹനത്തിന് പരമാവധി 100 ലീറ്റർ ഇന്ധനം മാത്രമേ നേപ്പാളിലെ പമ്പുകളിൽനിന്നു ലഭിക്കൂ.

ഇന്ത്യ-നേപ്പാൾ ധാരണ പ്രകാരം അതിർത്തി കടക്കാൻ പ്രത്യേക അനുവാദം ആവശ്യമില്ലാത്തതും ഈ കടത്തിന് പ്രധാന കാരണമായി... രാജ്യത്ത് 100 കടന്നും കുതിക്കുന്ന ഇന്ധനവിലയുടെ റിപ്പോർട്ടുകളാണ് അതിർത്തി താണ്ടാൻ പ്രേരിപ്പിക്കുന്നത്. പെട്രോളിന് ഇന്ത്യയിലേക്കാൾ 22 രൂപ കുറവാണ് നേപ്പാളിൽ. 70.79 രൂപയ്ക്ക് നേപ്പാളിൽനിന്ന് വാങ്ങുന്ന പെട്രോൾ അതിർത്തി കടത്തി ഇന്ത്യയിലെത്തിച്ച് 90-95 രൂപയ്ക്കാണു വിൽക്കുക. 

അതിർത്തി ഗ്രാമങ്ങളിൽ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർ ഇന്ധനക്കടത്തിലൂടെ വരുമാനം കണ്ടെത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്. അതിർത്തി പ്രദേശത്തുള്ള ഇന്ത്യൻ പെട്രോൾ പമ്പുകളിലെ വരുമാനം കുത്തനെ ഇടിയുകയുമാണ്. ഇതോടെ നേപ്പാളിൽനിന്നുള്ള ഇന്ധനക്കടത്ത് തടയണമെന്നാവശ്യപ്പെട്ട് പമ്പുടമകളും രംഗത്തെത്തി.