രാഹുല്‍ ഭിന്നിപ്പിന് ശ്രമിക്കുന്നു; വടക്ക്- തെക്ക് പരാമർശത്തിനെതിരെ ബിജെപി

കേരളത്തിലെയും വടക്കേന്ത്യയിലെയും രാഷ്ട്രീയത്തെ താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്ക്കെതിരെ ബിജെപിയുടെ കൂട്ടായ ആക്രമണം. തെക്ക്, വടക്ക് എന്നിങ്ങിനെ രാജ്യത്തെ ഭിന്നിപ്പച്ച് നേട്ടമുണ്ടാക്കാനാണ് രാഹുലിന്‍റെ ശ്രമമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ വിമര്‍ശിച്ചു. ഫിഷറീസ് മന്ത്രാലയത്തെക്കുറിച്ച് രാഹുല്‍ നടത്തിയ പരാമര്‍ശത്തിന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പാര്‍ലമെന്‍റ് രേഖകള്‍ പങ്കുവെച്ചാണ് മറുപടി നല്‍കിയത്. 

പതിനഞ്ച് വര്‍ഷം താന്‍ വടക്കേന്ത്യയില്‍ നിന്നുള്ള എംപിയായിരുന്നു കേരളത്തെ അപേക്ഷിച്ച് അവിടത്തെ രാഷ്ട്രീയം വ്യത്യസ്തമാണെന്ന് െഎശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിലാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. കേരളത്തിലുള്ളവര്‍ കാര്യങ്ങളുടെ വിശദാംശങ്ങളിലേയ്ക്ക് പോകുന്നവരാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ഭിന്നിപ്പിച്ച് ഭരിക്കാനുള്ള രാഹുലിന്‍റെ ശ്രമം വിജയിക്കില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഢ പ്രതികരിച്ചു.

മണ്ഡലത്തിലേയ്ക്ക് തിരഞ്ഞു നോക്കാത്തതുകൊണ്ടും ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തതുകൊണ്ടുമാണ് രാഹുല്‍ അമേഠിയില്‍ തോറ്റതെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. വടക്കേന്ത്യയിലെ ജനങ്ങള്‍ കാര്യങ്ങള്‍ മറന്നിട്ടില്ല. തെക്ക്, വടക്ക് എന്നിങ്ങിനെ ആശയക്കുഴപ്പമുണ്ടാക്കരുതെന്നും ഇന്ത്യ ഒന്നാണെന്നും അനുരാഗ് ഠാക്കൂര്‍ കൂട്ടിച്ചേര്‍ത്തു. അപലപനീയവും അമേഠിയിലെ ജനങ്ങളെ അവഹേളിക്കുന്നതുമാണ് രാഹുലിന്‍റെ പരാമര്‍ശമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി കുറ്റപ്പെടുത്തി. ഫിഷറീസ് മന്ത്രാലയില്ലെന്ന് പുതുച്ചേരിയില്‍ പറഞ്ഞ രാഹുല്‍ ഫിഷറീസ് മന്ത്രാലയം കാര്യക്ഷമമല്ലെന്നാണ് കൊല്ലത്ത് പറഞ്ഞത്. 

തെറ്റിദ്ധാരണ പടര്‍ത്തരുതെന്ന് ഫിഷറീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പാര്‍ലമെന്‍റില്‍ രാഹുലിന്‍റെ തന്നെ ചോദ്യത്തിന് നല്‍കിയ മറുപടി പങ്കുവച്ച് പ്രതികരിച്ചു. മല്‍സ്യബന്ധന മേഖലയുടെ ക്ഷേമത്തിന് മോദി സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. 20,050 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ നീക്കിവച്ചിട്ടുമുണ്ട്. 70 വര്‍ഷമായി കോണ്‍ഗ്രസ് ചെയ്യാത്ത കാര്യമാണ് മോദി നടപ്പാക്കിയതെന്നും ഗിരിരാജ് സിങ് പറഞ്ഞു.