റിഹാനയുടെ നഗ്നചിത്രം നീക്കണം; കാരണം ആ മാല; ബിജെപിയും രംഗത്ത്

കർഷകസമരത്തെ അനുകൂലിച്ച് രംഗത്തെത്തിയ പോപ് ഗായിക റിഹാനയുടെ നഗ്ന ഫോട്ടോഷൂട്ടിനെതിരെ സൈബര്‍ ആക്രമണം രൂക്ഷം. ട്വിറ്ററിലും ഫെയ്സ്ബുക്കിലും പോസ്റ്റ് ചെയ്ത ടോപ്‌ലെസ് ഫോട്ടോയ്ക്കെതിരെ വ്യാപകമായി സൈബർ ബുള്ളിയിങ് നടക്കുകയാണ്. ഈ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ നിരവധി സംഘടനകളും രാഷ്ട്രീയ പാർട്ടികളും ഫെയ്സ്ബുക്കിനും ട്വിറ്ററിനും നോട്ടീസ് അയച്ചിട്ടുണ്ട്.

ഫോട്ടോഷൂട്ടിനു ഉപയോഗിച്ച മാലയാണ് പ്രശ്നങ്ങൾക്ക് കാരണം. ഹിന്ദു ദൈവമായ ഗണപതിയുടെ ചിത്രം ആലേഖനം ചെയ്ത മാല ധരിച്ചാണ് ടോപ്‌ലെസായുള്ള റിഹാനയുടെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് ഫെയ്സ്ബുക്കിന്റെയും ട്വിറ്ററിന്റെയും പോളിസിക്ക് എതിരാണെന്നും മതങ്ങളെ അവഹേളിക്കുന്നതൊന്നും പോസ്റ്റ് ചെയ്യാൻ അനുവദിക്കില്ലെന്നുമാണ് ഒരു വിഭാഗം ഇന്ത്യക്കാർ സമൂഹമാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.

ഭാരതീയ ജനതാ പാർട്ടി (ബിജെപി), വിശ്വ ഹിന്ദു പരിഷത്ത് (വിഎച്ച്പി) എന്നിവരും റിഹാനയുടെ ഫോട്ടോയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഡൽഹി, മുംബൈ പൊലീസും രണ്ട് സോഷ്യൽ മീഡിയ ഭീമൻമാർക്കെതിരെ പരാതി നൽകുകയും ഫോട്ടോ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ചു.

കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഇത് രണ്ടാം തവണയാണ് റിഹാന ഇന്ത്യയുടെ വിഷയത്തിൽ വിവാദമുണ്ടാക്കുന്നത്. ജനുവരി 26 ന് ഡൽഹിയിൽ നടന്ന കർഷകരുടെ പ്രതിഷേധത്തെതുടർന്ന് പ്രദേശത്ത് ഇന്റർനെറ്റ് വിലക്കിയിരുന്നു. ഇതിനെതിരെ ട്വീറ്റ് ചെയ്ത ആദ്യത്തെ രാജ്യാന്തര താരങ്ങളിൽ ഒരാളായിരുന്നു റിഹാന.

റിഹാനയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നെന്നേക്കുമായി നീക്കംചെയ്യണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടു. ‘നിരവധി ഹിന്ദുക്കളോടൊപ്പം’ ഈ ട്വീറ്റ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ട്വീറ്റിൽ ടാഗ് ചെയ്തവരിൽ ട്വിറ്റർ, ഐടി മന്ത്രി രവിശങ്കർ പ്രസാദ്, സാംസ്കാരിക മന്ത്രാലയം എന്നിവർ ഉൾപ്പെടുന്നു എന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസൽ ട്വീറ്റ് ചെയ്തു.