ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത് 338 കോടിയുടെ കോവിഡ് വാക്സീൻ; വൻനേട്ടം

ഇന്ത്യയുടെ കോവിഡ് വാക്സീന് ലോകരാജ്യങ്ങൾ ക്യൂ നിൽക്കുന്ന കാഴ്ചയാണ് ഇപ്പോൾ. ഇതുവരെ 338 കോടി രൂപയുടെ കോവിഡ് വാക്‌സിന്‍ ഡോസുകള്‍ കയറ്റുമതി ചെയ്‌തെന്ന് കേന്ദ്ര ഉപഭോക്തൃകാര്യമന്ത്രി പിയൂഷ് ഗോയല് വ്യക്തമാക്കി. പാക്കിസ്ഥാൻ ഒഴികെയുള്ള അയൽക്കാർക്ക് വാക്സീൻ സൗജന്യമായി നൽകി ഇന്ത്യ നയതന്ത്ര ബന്ധവും ശക്തമാക്കിയിരുന്നു. ഇതിന് പുറമേ പണം തന്ന് ഇന്ത്യയുടെ വാക്സീൻ വാങ്ങിയ ലോകരാജ്യങ്ങളും ഏറെയാണ്. 

രാജ്യത്തെ ആവശ്യങ്ങൾക്ക് വാക്സീൻ ഉറപ്പാക്കിയ ശേഷമാണ് സൗഹൃദരാജ്യങ്ങൾക്ക് നൽകുന്നതെന്ന് കേന്ദ്ര സർക്കാർ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.  ഇതുവരെ 125.4 കോടി രൂപയുടെ 62.7 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ സൗജന്യമായും 213.32 കോടി രൂപയുടെ 1.05 കോടി ഡോസ് വാക്‌സിനുകള്‍ വാണിജ്യാടിസ്ഥാനത്തിലും കയറ്റുമതി ചെയ്തു.

അതേസമയം കോവിഡിനെതിരെ അതിവേഗ വാക്സീൻ കുത്തിവയ്പ്പാണ് ഇന്ത്യയിൽ നടക്കുന്നത്.  24 ദിവസം കൊണ്ട് 60 ലക്ഷത്തിലധികം പേര്‍ക്കാണു പ്രതിരോധ കുത്തിവയ്പ് നൽകിയത്. അമേരിക്കയില്‍ 26 ദിവസവും ബ്രിട്ടനില്‍ 46 ദിവസവും കൊണ്ടാണ് ഇത്രയും പേര്‍ക്ക് വാക്സീന്‍ നല്‍കാനായത്. രാജ്യത്ത് ഇതുവരെ 60,35,660 വാക്സീന്‍ സ്വീകരിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു.