ആർക്ക് വേദനിച്ചാലും നഷ്ടം രാജ്യത്തിന്; കര്‍ഷകനിയമം പിന്‍വലിക്കൂ: രാഹുല്‍

കര്‍ഷകവിരുദ്ധ നിയമങ്ങളെ തള്ളിപ്പറഞ്ഞും സമരത്തിനിടെ അരങ്ങേറിയ അക്രമങ്ങള അപലപിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഹിംസ ഒരു പ്രശ്നത്തിനുമുള്ള പരിഹാരമല്ല. ആർക്ക് വേദനിച്ചാലും നഷ്ടം നമ്മുടെ രാജ്യത്തിനാണ്. ഈ രാജ്യത്തിന്‍റെ ഭാവിക്കായി കര്‍ഷകവിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കുക..’ അദ്ദേഹം ഹിന്ദിയില്‍ കുറിച്ചു. 

സംഘര്‍ഷത്തിനിടെ അനാവശ്യമായി പ്രകോപനം സൃഷ്ടിച്ച അക്രമികളെ തള്ളിപ്പറഞ്ഞ് സമരസമിതിയും രംഗത്തെത്തി. ചില സാമൂഹിക വിരുദ്ധർ പരേഡിലേക്ക് നുഴഞ്ഞുകയറി. വിലക്ക് ലംഘിച്ചത് ബികെയു (ഉഗ്രഹാന്‍), കിസാന്‍ മസ്ദൂര്‍ സംഘ് തുടങ്ങിയവര്‍ ആണെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. ഇവരുമായി ബന്ധമില്ല.

അക്രമസംഭവങ്ങൾ അപലപനീയമാണെന്നും കര്‍ഷകരുടെ സംയുക്തസമരസമിതി വിശദീകരിച്ചു. പരേഡിൽ പങ്കെടുത്ത എല്ലാ കർഷകർക്കും അവർ നന്ദി അറിയിച്ചു. ജനക്കൂട്ടത്തിനിടയിലേക്ക് അതിവേഗം ട്രാക്ടര്‍ ഓടിച്ച് ചിലര്‍ പ്രകോപനം സൃഷ്ടിച്ചിരുന്നു.

ഇതിനിടെ സമരക്കാര്‍ ചെങ്കോട്ട നിയന്ത്രണത്തിലാക്കി. ട്രാക്ടര്‍ റാലി നടത്തിയവരില്‍ ഒരു വിഭാഗം ചെങ്കോട്ടയില്‍ കടന്ന് കൊടികെട്ടി. ഡല്‍ഹിയുടെ ഹൃദയഭാഗമായ ഐടിഒയിലും പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും സമരക്കാര്‍ നിറഞ്ഞു. ലാത്തിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചിട്ടും പിന്മാറാതെ കര്‍ഷകര്‍ നിലയുറപ്പിക്കുകയാണ്. മോദി സർക്കാരിന് ഒരു സന്ദേശം നൽകാനാണ് ഇവിടെയെത്തിയതെന്ന് കർഷകർ വ്യക്തമാക്കി. ജോലി പൂർത്തിയാക്കി, ഇനി മടങ്ങുമെന്നും അവർ പറഞ്ഞു