മോദിക്ക് തമിഴകത്തോട് അവഗണ; കീഴ്പെടണമെന്ന് മോഹം; കൊള്ളിച്ച് രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് തമിഴ്നാട്ടിലെ സംസ്കാരത്തോടും, ഭാഷയോടും, ജനങ്ങളോടും ആദരവില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തെക്കേ ഇന്ത്യയിലെ ജനങ്ങൾക്ക് അവർ അർഹിക്കുന്ന പുതിയ സർക്കാരിനെ നൽകുമെന്നും രാഹുൽ പറഞ്ഞു.

'ഇപ്പോൾ ഇന്ത്യയെ മുഴുവൻ ഒറ്റ ഭാഷ, ഒറ്റ സംസ്കാരം എന്ന ആശയത്തിലേക്ക് ചുരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. മോദിക്കാണെങ്കിൽ മറ്റുളളവരുടെ പ്രത്യേകിച്ചും തമിഴ്നാട്ടിലെ ജനങ്ങളോടും സംസ്കാരത്തോടും ഭാഷയോടും ബഹുമാനമില്ല. അവയെല്ലാം കീഴടക്കപ്പെടേണ്ടതാണ് എന്നാണ് പ്രധാനമന്ത്രി ചിന്തിക്കുന്നത്. നമ്മൾ കരുതുന്നത് നേരെ മറിച്ചാണ്. ഇവിടെ തമിഴിനും ഹിന്ദിക്കും ബംഗാളിക്കും ഇംഗ്ലീഷിനും തുല്യ പ്രാധാന്യമാണ്' രാഹുൽ പറഞ്ഞു. കോയമ്പത്തൂര്‍ സന്ദർശനത്തിനിടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

'ഞാൻ തമിഴ് നാടിനെ രാജ്യത്തിന് മുമ്പേ ഓടുന്ന സംസ്ഥാനമായാണ് കാണുന്നത്. ഇന്ത്യക്ക് നിർമാണമേഖലയിലും വ്യവസായവൽക്കരണത്തിലും തൊഴിൽ മേഖലയിലും തമിഴ് നാട്ടിൽ നിന്ന് പഠിക്കാനേറെയുണ്ട്. നിർഭാഗ്യവശാൽ അടുത്ത വർഷങ്ങളിൽ സംസ്ഥാനം ഇക്കാര്യങ്ങളിലെല്ലാം അൽപം പിന്നിലാണ്. എന്നാൽ ഈ മേഖലകളിലെല്ലാം സംസ്ഥാനത്തെ തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ട സഹായങ്ങൾ കോൺഗ്രസ് പാർട്ടി ചെയ്യും' രാഹുൽ പറഞ്ഞു. 

തമിഴ് നാടിന് സഹായം വാഗ്ദാനം ചെയ്തത് കൂടാതെ മോദിക്കെതിരെ കടുത്ത വിമർശനവും രാഹുൽ നടത്തി. നാലഞ്ചു പേരടങ്ങുന്ന ബിസിനസുകാർക്കു വേണ്ടിയാണ് മോദി കർഷകരെ പ്രതിസന്ധിയിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്ക് അവകാശമുളള പലതും മോദി സർക്കാർ വിൽക്കുകയാണെന്നും രാഹുൽ പ്രസാതാവിച്ചു.  തനിക്ക് തമിഴ് നാടുമായുളള ബന്ധം രാഷ്ട്രീയത്തിനും അതീതമാണെന്നും സ്വാർഥ താൽപര്യത്തോടെയല്ലാതെ അതിൽ ആത്മാർത്ഥതയോടെ പ്രവർത്തിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.