പാക്കിസ്ഥാനില്ല; മറ്റ് അയൽക്കാർക്കായി 10 ദശലക്ഷം ഇന്ത്യൻ വാക്സീൻ പറക്കും

കോവിഡ് മഹാമാരി വൻ നാശം വിതച്ച് തുടങ്ങിയപ്പോൾ തന്നെ ലോകരാജ്യങ്ങളുടെ ശ്രദ്ധ വാക്സീനിലേക്ക് എത്തിയിരുന്നു. മികച്ച വാക്സീൻ നൽകി ആഗോള തലത്തിൽ സ്വാധീനം മെച്ചപ്പെടുത്തുക എന്നതും സമ്പന്ന രാജ്യങ്ങളുടെ ഉന്നമായിരുന്നു. എന്നാൽ ഈ കളിയിൽ ആദ്യ ഗോളടിച്ചത് ഇന്ത്യയാണെന്ന് പറയാവുന്ന തരത്തിലാണ് ഇപ്പോഴുള്ള നീക്കം.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ 10 ദശലക്ഷത്തോളം കോവിഡ് വാക്സീനുകളാണ് പാക്കിസ്ഥാൻ ഒഴികെയുള്ള അയൽ രാജ്യങ്ങൾക്കു ഇന്ത്യ നൽകാൻ പോകുന്നത്. അതും സൗജന്യമായി. സാമ്പത്തിക ഇടനാഴിയും വ്യാപാര കരാറുകളും ഒക്കെയായി അയൽരാജ്യങ്ങളിൽ പിടിമുറുക്കിയ ചൈനയെ കോവിഡ് വാക്സീൻ നയതന്ത്രത്തിൽ തളയ്ക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം എന്നാണ് റിപ്പോര്‍ട്ട്. അതും പല രാജ്യങ്ങളും ചൈനീസ് വാക്സീനോട് താൽപര്യം കാണിക്കാതെ ഇന്ത്യയുടേതു മതിയെന്ന് നിലപാട് എടുത്ത പശ്ചാത്തലത്തിൽ ഈ വാക്സീൻ നയതന്ത്രത്തിന് പ്രാധാന്യമേറുന്നു.

രാജ്യത്ത് ആവശ്യത്തിന് വാക്സീൻ ഉണ്ടെന്നു ഉറപ്പുവരുത്തിയാണ് അയൽ രാജ്യങ്ങൾക്കായുള്ള ഇന്ത്യയുടെ കരുതൽ. ബുധനാഴ്ച മുതൽ ബംഗ്ലദേശ്, നേപ്പാൾ, ഭൂട്ടാൻ, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളിലേക്ക് ആകെ 3.2 ദശലക്ഷം വാക്സീനുകളാണ് ഇന്ത്യ കയറ്റി അയച്ചത്. മൗറീഷ്യസിലേക്കും മ്യാൻമറിലേക്കും സീഷെൽസിലേക്കുമുള്ള വാക്സീനുകൾ കയറ്റുമതിക്ക് തയാറായിക്കഴിഞ്ഞു. ശ്രീലങ്കയും അഫ്ഗാനിസ്ഥാനുമാണ് പട്ടികയിൽ അടുത്തത്. ഇതുകൂടാതെ വാണിജ്യാടിസ്ഥാനത്തിൽ ബ്രസീലിലേക്കും മൊറോക്കോയിലേക്കും വാക്സീൻ കയറ്റി അയയ്ക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്.

തങ്ങളുടെ വാക്സീൻ മികച്ചതാണെന്നും വാങ്ങണമെന്നും ആഗോളതലത്തിൽ പല രാജ്യങ്ങൾക്കു മേലും ചൈന സമ്മർദ്ദം ചെലുത്തിയെങ്കിലും കാര്യമായ പ്രയോജനം ഉണ്ടായില്ല. മ്യാൻമർ, കംബോഡിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ ചൈനീസ് വാക്സീൻ വാങ്ങിയേക്കുമെന്നാണ് വിവരം. എന്നാൽ ഇവർക്കു സൗജന്യമായാണോ വാക്സീൻ നൽകുന്നതെന്ന് വ്യക്തമല്ല. ചൈനീസ് വാക്സീനായിരിക്കും പാക്കിസ്ഥാൻ ഉപയോഗിക്കുക. 5 ലക്ഷം വാക്സീൻ ഡോസുകൾ ജനുവരി 31ന് അകം ചൈന പാക്കിസ്ഥാനു കൈമാറുമെന്നാണ് പാക്ക് വിദേശകാര്യമന്ത്രി പറഞ്ഞത്.