ഡോൾഫിനെ തല്ലിക്കൊന്ന് യുവാക്കൾ; വീണ്ടും ക്രൂരത; വിഡിയോ

മിണ്ടാപ്രാണികളോടുള്ള ക്രൂരത തുടർക്കഥയാകുന്നു. ഏറ്റവുമൊടുവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവം ഉത്തർപ്രദേശിലാണ്. 

ഒരു സംഘമാളുകൾ ചേർന്ന് ‍ഡോൾഫിനെ തല്ലിക്കൊന്ന വിഡിയോ വേദനയാകുകയാണ് സമൂഹമാധ്യമങ്ങളിൽ. ഇരുമ്പുദണ്ഡുകളും വടിയുമുപയോഗിച്ചാണ് അരുംക്രൂരത. വിഡിയോ പുറത്തുവരികയും ചർച്ചയാകുകയും ചെയ്തതിനെ തുടർന്ന് മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു. 

ഡിസംബർ 31നാണ് ഒരു കൂട്ടമാളുകൾ ചേർന്ന് ഗംഗാ ഡോൾഫിനെ തല്ലിക്കൊന്നത്. കരയിലുള്ള ചിലർ ഡോൾഫിനെ ആക്രമിക്കരുതെന്ന് പറയുന്നുണ്ടായിരുന്നെങ്കിലും ഇവർ കേട്ടിരുന്നില്ല. അടിയേറ്റു കിടക്കുന്ന ഡോൾഫിന്റെ ശരീരത്തിൽനിന്ന് രക്തം വാർന്നൊഴുകുന്നതും വിഡിയോയിൽ കാണാം. സംരക്ഷിത വിഭാഗത്തിൽപെട്ടതാണ് ഗംഗ ഡോൾഫിനുകൾ.

രക്തമൊഴുകുന്നതിനിടെയും ഡോൾഫിനെ കോടാലിവച്ച് ആക്രമിക്കുകയും ശരീരം തല്ലിത്തകർക്കുകയും ചെയ്യുന്നതും വിഡിയോയിൽ കാണാം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയപ്പോഴേക്കും ഡോൾഫിന്റെ ജീവനറ്റ ശരീരമാണ് കണ്ടതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. സമീപത്തു കൂടിനിന്നവരോട് വിവരങ്ങൾ തേടിയെങ്കിലും നടന്നതെന്തെന്ന് തുറന്നുപറയാൻ ആരും തയാറായില്ല.