‘ബിഹാറില്‍ 11 കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടും’; അവകാശപ്പെട്ട് മുന്‍ എംഎല്‍എ

ബിഹാർ തിരഞ്ഞെടുപ്പിൽ വളരെ മോശം പ്രകടനമാണ് കോൺഗ്രസ് നടത്തിയത്. ഇതിന് പിന്നാലെ ആകെ ജയിച്ച 19 എംഎൽഎമാരിൽ 11 പേരും പാർട്ടി വിടാൻ ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. മുന്‍ എംഎല്‍എ ഭാരത് സിങ്ങാണ് ഇക്കാര്യം അവകാശപ്പെട്ട് രംഗത്തെത്തിയത്. ഈ എംഎൽഎമാർ ജെഡിയുവിൽ ചേരുമെന്നും കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് അജിത് ശര്‍മ്മ അടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിടുമെന്നാണ് അവകാശവാദം. 

ബിഹാറിൽ മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തിൽ കോൺഗ്രസ് കാട്ടിയ പിടിവാശിയാണു തോൽവിക്കു വഴിവച്ചതെന്ന ശക്തമായ വിമർശനം ഉയർന്നിരുന്നു. 2015 ൽ മത്സരിച്ച 41 സീറ്റിൽ 27 ഇടത്ത് വിജയിച്ച കോൺഗ്രസ് ഇക്കുറി 70 സീറ്റിലാണു മത്സരിച്ചത്; ജയിച്ചത് 19 മണ്ഡലങ്ങളിൽ. ആ എംഎൽഎമാരിൽ 11 പേർ കളം മാറുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

സംസ്ഥാനത്ത് സംഘടനാ സംവിധാനം തീർത്തും ദുർബലമാണെങ്കിലും തേജസ്വി യാദവിനനുകൂലമായ തരംഗത്തിന്റെ അരികുപറ്റി ജയിച്ചുകയറാമെന്ന കോൺഗ്രസിന്റെ കണക്കുകൂട്ടൽ പാളുകയായിരുന്നു. തേജസ്വി ഒറ്റയ്ക്കു നയിച്ച സഖ്യത്തിൽ, ആളും ആരവവുമില്ലാത്ത കോൺഗ്രസ് ബാധ്യതയായി. കയ്യെത്തും ദൂരത്ത് ഭരണം നഷ്ടപ്പെട്ട തേജസ്വിക്ക്, കോൺഗ്രസിന്റെ വീഴ്ചയ്ക്കു വില നൽകേണ്ടി വന്നു. 

എൻഡിഎ തൂത്തുവാരിയ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മഹാസഖ്യത്തിൽ 9 സീറ്റുകളാണു കോൺഗ്രസിനു മത്സരിക്കാൻ കിട്ടിയത്. അന്നും കോൺഗ്രസിനു കൊടുത്ത സീറ്റുകൾ കൂടിപ്പോയോ എന്ന ചർച്ച ആർജെഡിയിൽ ഉണ്ടായതാണ്. എന്തായാലും കോൺഗ്രസിനെ തള്ളിപ്പറയാൻ ഇപ്പോഴും ആർജെഡി തയാറായിട്ടില്ലെങ്കിലും അർഹിക്കുന്നതിനെക്കാൾ 20 സീറ്റെങ്കിലും അവർക്കു കൂടുതൽ കൊടുത്തുവെന്ന് ആർജെഡിയിൽ പൊതുവികാരമുണ്ട്.