അനുനയത്തിന് പുതുവഴികൾ തേടി സർക്കാർ; പ്രക്ഷോഭം ശക്തമാക്കുമെന്ന് കർഷകർ

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങി കര്‍ഷകര്‍. എട്ടാം തിയ്യതിയിലെ ചര്‍ച്ചയില്‍ പങ്കെടുക്കണമോയെന്ന കാര്യത്തില്‍ കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. ഡല്‍ഹി അതിര്‍ത്തികളിലെ സമരം നാല്‍പത്തിയൊന്നാം ദിവസവും ശക്തമായി തുടരുകയാണ്. കര്‍ഷകരെ അനുനയിപ്പിക്കാന്‍ പഞ്ചാബിലെ ബി.ജെ.പി നേതാക്കളെ രംഗത്തിറക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 

നിയമങ്ങള്‍ പിന്‍വലിക്കുന്നകാര്യത്തിലും താങ്ങുവിലയ്ക്ക് നിയമനിര്‍മാണം നടത്തുന്നതിലും ഒരിഞ്ച് പോലും പുരോഗതിയുണ്ടാകാതെയാണ് ഇന്നലത്തെ ചര്‍ച്ച അവസാനിച്ചത്. നിയമം പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ച തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് ചില കര്‍ഷക നേതാക്കളുടെ നിലപാട്. അതിനാല്‍ വെള്ളിയാഴ്ച നടക്കാനിരിക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമോയെന്നതില്‍ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട്. ഉച്ചയ്ക്ക ശേഷം നടക്കുന്ന സംയുക്ത കിസാന്‍ മോര്‍ച്ച യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.  ശൈത്യത്തോടൊപ്പം ഡല്‍ഹിയില്‍ തുടരുന്ന മഴയ്ക്കിടയിലും ഡല്‍ഹി–ഹരിയാന അതിര്‍ത്തികളിലെ സരമാവേശത്തിന് കുറവൊന്നുമില്ല. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ നാളെ മുതല്‍ നടത്താന്‍ പ്രഖ്യാപിച്ച പുതിയ സമരപരിപാടികളുമായി കര്‍ഷകര്‍ മുന്നോട്ടുപോയേക്കും. സിംഘു സമരഭൂമിയില്‍ നിന്നും കുണ്ട്‌ലി–മനേസര്‍–പല്‍വല്‍ എക്സപ്രസ് ഹൈവേയിലേക്ക് നാളെ ട്രാക്റ്റര്‍ മാര്‍ച്ച് നടത്താനാണ് നിലവിലെ തീരുമാനം. അതിനിടെ ചര്‍ച്ചകള്‍ തുടര്‍ച്ചായായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ കര്‍ഷകരെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

കര്‍ഷകരുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ക്കായി പഞ്ചാബിലെ ബി.ജെ.പി നേതൃത്വത്തെ നിയോഗിക്കാനാണ് ആലോചന. ഇതിനായി പഞ്ചാബിലെ മുതിര്‍ന്ന ബി.െജി.പി നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 

MORE IN INDIA