‘സഹോദരനടക്കം 5,000 പേർ ബിജെപിയില്‍ ചേരും’; മമതക്ക് സുവേന്ദുവിന്‍റെ മുന്നറിയിപ്പ്

ബംഗാളിലെ മമതയുടെ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടിയായി കൂടുമാറ്റ സൂചന. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വൻ െകാഴിഞ്ഞുപോക്കിനാണ് മമത സാക്ഷ്യം വഹിക്കുന്നത്. തന്റെ സഹോദരന്‍ സൗമേന്ദു അടക്കം 5,000 പേര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുമെന്ന് അടുത്തിടെ ബിജെപി പാളയത്തിലെത്തിയ മമതയുടെ വലംകൈയും ഗ്രാമീണ മേഖലയില്‍ തൃണമൂലിന്റെ ജീവശ്വാസവുമായിരുന്ന സുവേന്ദു അധികാരി പറഞ്ഞു. ഒരു പൊതുചടങ്ങിൽ സംസാരിക്കുമ്പോഴാണ് തൃണമൂൽ ഉടൻ തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം പരസ്യമായി വ്യക്തമാക്കിയത്. 

ഇത്തരത്തിൽ വൻതോതിൽ നേതാക്കൾ പാർട്ടി വിടുന്നത് ഈ വര്‍ഷം ഏപ്രില്‍-മേയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന് വൻതിരിച്ചിടി ആകുമെന്നാണ് കണക്കുകൂട്ടൽ. മമതയുടെ ബംഗാള്‍ പിടിക്കാനുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നതും ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെയാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 42 സീറ്റില്‍ 19 എണ്ണം സ്വന്തമാക്കിയ ബിജെപി 40% വോട്ടും നേടിയിരുന്നു. 294 അംഗ നിയമസഭ സീറ്റുകള്‍ നേടുകയെന്ന ലക്ഷ്യമാണു ബിജെപിക്കുള്ളത്.