യോഗി പശുക്കളെ സംരക്ഷിക്കുന്നില്ല; ‘ഗോ രക്ഷാ’ യാത്രയുമായി കോൺഗ്രസ്; പുതുവഴി

ഉത്തർപ്രദേശിൽ ബിജെപി പയറ്റി തെളിഞ്ഞ അതേ വഴിയിലൂടെ നടക്കുകയാണ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്. കർഷകർ‌ക്കൊപ്പം പശുവിനെയും ഉയർത്തിയാണ് ഉത്തർപ്രദേശിൽ ഇപ്പോഴുള്ള മുന്നോട്ട് പോക്ക്. ‘പശു രാഷ്ട്രീയം’ കോൺഗ്രസിന് എത്രമാത്രം ഗുണം ചെയ്യും എന്നത് കണ്ട് തന്നെ അറിയണം. യോഗി സർക്കാർ പശുക്കളെ സംരക്ഷിക്കുന്നില്ല എന്ന ചൂണ്ടിക്കാണിച്ച് മുൻപ് പ്രിയങ്കാ ഗാന്ധി കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെ മെഗാ മാർച്ച് സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് യുപി കോൺഗ്രസ് എന്നാണ് റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ ഗോശാലകളിലെ പശുക്കളെ സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.  പ്രതിഷേധത്തിന്റെ ഭാഗമായി ബുണ്ടേൽഖണ്ഡിൽ 'ഗോ രക്ഷാ' പദയാത്രയും നടത്തി. ലളിത്പുരിലെ സോജ്‌നയിൽ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവം ചൂണ്ടിക്കാട്ടിയാണ സർക്കാരിനെ വിമർശിച്ച് പ്രിയങ്ക രംഗത്തെത്തിയിരുന്നു. പശു സംരക്ഷണത്തിനായി നിരന്തരം വാദിക്കുന്ന യോഗി സർക്കാർ ഗോസംരക്ഷണത്തിൽ പൂർണ പരാജയമാണെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. പശു സംരക്ഷണം, ഗോശാല നിർമാണം എന്ന സർക്കാർ പ്രഖ്യാപനങ്ങളെല്ലാം കടലാസിൽ മാത്രമാണെന്നും സംസ്ഥാനത്ത് പശുക്കൾ പട്ടിണിയിലാണെന്നും പ്രിയങ്ക ആരോപിക്കുന്നു. 

യോഗി സർക്കാർ ഗോ സംരക്ഷണം എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് കോൺഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢ് സർക്കാരിനെ കണ്ട് പഠിക്കണമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെയാണ് യോഗിയെ പ്രിയങ്ക ഓർമിപ്പിച്ചത്. പശു സംരക്ഷണമെന്നാൽ പശുക്കളെ മാത്രം സംരക്ഷിക്കണം എന്നല്ലെന്നും നിസ്സഹായരും ദുർബലരുമായ എല്ലാ ജീവികളുടെയും സംരക്ഷിക്കണം എന്ന ആശയമാണ് ഗാന്ധിജി വിശ്വസിച്ചതായും പ്രിയങ്ക പറയുന്നു.