പിസയിലെ ചരിഞ്ഞ ഗോപുരം മുതൽ നടരാജ വിഗ്രഹം വരെ; കൗതുകമായി കേക്ക് ഫെസ്റ്റ്

കൊതിയൂറും രുചിയും ഒപ്പം കൗതുകവുമുണര്‍ത്തി ബെംഗളൂരു കേക്ക് ഫെസ്റ്റിവലിന് തുടക്കമായി . ക്രിസ്മസിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന പ്രദര്‍ശനത്തില്‍ ലയണ്‍ കിങ് പ്രൈഡ് റോക്ക്, കൊറോണ വൈറസ്,  കേക്കുകളാണ് ഇത്തവണത്തെ പ്രധാന ആകര്‍ഷണം.

കുഞ്ഞു സിംബയെ എടുത്തുയര്‍ത്തി നില്‍ക്കുന്ന റഫീക്കി. മെഴുകിലോ ശിലയിലോ തീര്‍ത്ത മാതൃകയല്ലിത്. ഇത്തവണത്തെ ബെംഗളൂരു കേക്ക് ഫെസ്റ്റിവലില്‍ സന്ദര്‍ശകരെ അമ്പരപ്പിക്കുന്ന കൂറ്റന്‍ ലയണ്‍ കിങ് പ്രൈഡ് റോക്ക് കേക്ക്. കോവിഡ് കാലത്ത് കൊറോണ വൈറസിന്‍റെ മാതൃകയും കേക്ക് രൂപത്തില്‍ ഒരുങ്ങി.

പിസായിലെ ചെരിഞ്ഞ ഗോപുരവും, ടോമും ജെറിയും,ഗോള്‍ഡന്‍ ഡ്രാഗണും നടരാജ വിഗ്രഹവുമൊക്കെ ഇത്തവണ പടുകൂറ്റന്‍ കേക്കായി എത്തിയിട്ടുണ്ട്. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെ ബെംഗളുരു ആസ്ഥാനമായുള്ള ഷുഗര്‍ സ്കള്‍പ്റ്റ് അക്കാഡമിയാണ് കൗതുകമുണര്‍ത്തുന്ന കേക്കുകള്‍ ഒരുക്കിയത്.

മാസ്റ്റര്‍ ഷെഫ് സാമീ രാമചന്ദ്രന് കീഴില്‍ മനോഹരമായ കേക്കുകള്‍ ഒരുക്കിയ സംഘത്തില്‍ മലയാളികളുമുണ്ട്. കോവിഡ് പ്രതിസന്ധികള്‍ ഉണ്ടെങ്കിലും, വിനോദസഞ്ചാരത്തിന് എത്തിയമട്ടില്‍ വ്യത്യസ്തമായ സെല്‍ഫിയെടുക്കാനുള്ള തിരക്കിലാണ് സന്ദര്‍ശകരെല്ലാം.