53കാരി അമ്മയ്ക്കും 27കാരി മകൾക്കും ഒരേ വേദിയിൽ താലികെട്ട്; വേറിട്ടൊരു കല്യാണം

53കാരി അമ്മയും 27കാരി മകളും ഒരേ മുഹൂർത്തത്തിൽ ഒരേ വേദിയിൽ വിവാഹിതരായി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നിന്നാണ് ഈ കല്യാണവാർത്ത. മുഖ്യമന്ത്രി സാമൂഹിക് വിവാഹ് യോജനയുടെ കീഴില്‍ നടന്ന സമൂഹവിവാഹ വേദിയാണ് അമ്മയും മകളും പുതിയ ജീവിതത്തിലേക്ക് ചുവട് വച്ചത്.

53കാരി ബേലി ദേവിയുടെ ഭർത്താവ് ഹരിധർ 25 വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. പിന്നീട് മക്കൾക്ക് വേണ്ടി ഈ അമ്മ ജീവിച്ചു. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും മുൻപ് വിവാഹം കഴിച്ച് അയച്ചു. ഇളയമകൾ ഇന്ദുവിന്റേയും വിവാഹവും ഉറച്ചതോടെയാണ് തനിക്കും ഒരു പുതിയ ജീവിതം വേണം എന്ന ചിന്ത വന്നത്. ഇക്കാര്യം മക്കളോട് പറഞ്ഞപ്പോൾ അവർക്കും സമ്മതം. ഇതോടെയാണ് മരിച്ച ഭർത്താവിന്റെ സഹോദരനും അവിവാഹിതനുമായ 55 വയസുള്ള ജഗദീഷിനെ ബേലി ദേവി വിവാഹം കഴിച്ചത്. ചേട്ടൻ മരിച്ചതിന് ശേഷം ആ കുടുംബത്തെ സംരക്ഷിച്ചത് ജഗദീഷായിരുന്നു.