30 വർഷം ജയിലിൽ; പേരറിവാളനെ ഉടൻ മോചിപ്പിക്കണമെന്ന് വിജയ് സേതുപതി

രാജീവ് ഗാന്ധി വധക്കേസിൽ  ശിക്ഷിക്കപ്പെട്ട ജയിലിൽ കഴിയുന്ന പേരറിവാളനെ ഉടൻ മോചിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ് സിനിമാ ലോകത്തെ പ്രമുഖർ രംഗത്ത്. സംവിധായകൻ കാർത്തിക്ക് സുബ്ബരാജിന് പിന്നാലെ നടൻ വിജയ് സേതുപതിയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തെത്തി. ഫെയ്സ്ബുക്ക് ലൈവിലെത്തിയാണ് വിജയ് പേരറിവാളനെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. 

‘കുറ്റം ചെയ്യാതെ 30 വർഷം ജയിലിൽ. മകന് വേണ്ടി 30 വർഷം പോരാടിയ അമ്മ. തമിഴ്നാട് മുഖ്യമന്ത്രിയോടും ഗവർണറോടും അപേക്ഷിക്കുന്നു. അവർക്ക് നീതി നൽകണം’ കാർത്തിക്ക് ട്വിറ്ററിൽ കുറിച്ചു. തമിഴകത്ത് പേരറിവാളന്റെ മോചനത്തിനായി ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണിലാണ് പേരറിവാളൻ അറസ്റ്റിലായത്. അന്ന് അദ്ദേഹത്തിന് 19 വയസായിരുന്നു. രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ ബോംബില്‍ ഉപയോഗിച്ച ബാറ്ററി വാങ്ങി നൽകി എന്ന്  ആരോപിച്ചായിരുന്നു അറസ്റ്റ്. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പേരറിവാളന് പരോള്‍ പോലും ലഭിക്കുന്നത്.