ഭൂട്ടാനെ കൂടെനിർത്താൻ മോദി തന്ത്രം; അവര്‍ക്കായി ഉപഗ്രഹം വിക്ഷേപിക്കും; പുതുനീക്കം

ചൈനയുമായി സംഘർഷം തുടരുന്നതിനിടെ അയൽക്കാരായ ഭൂട്ടാനെ കൂടെനിർത്താൻ പുതിയ തന്ത്രങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അടുത്ത വർഷം ഇന്ത്യയിൽ നിന്ന് ഭൂട്ടാൻ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് മോദി പ്രഖ്യാപിച്ചത്. റുപേ കാർഡിന്റെ രണ്ടാം ഘട്ടം ഭൂട്ടാനിൽ അവതിപ്പിച്ച ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

സ്വകാര്യ സംരംഭങ്ങൾക്കായി ഇന്ത്യ ബഹിരാകാശ മേഖല തുറന്നുകൊടുത്തു. ഇത് നവീകരണവും ശേഷിയും കഴിവുകളും വർധിപ്പിക്കും. അടുത്ത വർഷം ഇസ്രോ ഭൂട്ടാന്റെ ഉപഗ്രഹം വിക്ഷേപിക്കുമെന്നും അതിനുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും മോദി പറഞ്ഞു.

മറ്റ് ഇന്ത്യക്കാരെപ്പോലെ എനിക്കും ഭൂട്ടാനുമായി വലിയ സ്നേഹവും സൗഹൃദവുമുണ്ട്, നിങ്ങളെയെല്ലാം കണ്ടുമുട്ടുമ്പോൾ ഞങ്ങളുടെ സ്വന്തക്കാരുമായുള്ള കൂടിക്കാഴ്ച പോലെയാണെന്നും പ്രധാനമന്ത്രി ഭൂട്ടാൻ സദസ്സിനോട് പറഞ്ഞു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം ലോകത്തിന് പ്രധാനപ്പെട്ടതും മികച്ചതുമായ മാതൃകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ഭൂട്ടാനിലെ റുപേ കാർഡിലൂടെ 11,000 ഇടപാട് നടന്നതിൽ സന്തോഷമുണ്ടെന്നും കോവിഡ് മഹാമാരി ബാധിച്ചില്ലെങ്കിൽ ഇതിലും കൂടുതലാകുമായിരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു. റുപേ കാർഡിന്റെ ആദ്യ ഘട്ടത്തിൽ ഇതുവരെ 11,000 റുപേ ഇടപാടുകൾ ഭൂട്ടാനിൽ നടന്നിട്ടുണ്ട്. ഇന്ന് ഘട്ടം -2 സമാരംഭിച്ചതോടെ, റുപേ നെറ്റ്‌വർക്കിലേക്ക് ഭൂട്ടാനെ ഒരു മുഴുവൻ സമയ പങ്കാളിയായി സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയും ഭൂട്ടാൻ പ്രധാനമന്ത്രിയും സന്ദർശന വേളയിൽ കഴിഞ്ഞ വർഷമാണ് റുപേ കാർഡിന്റെ ആദ്യ ഘട്ടം പുറത്തിറക്കിയത്. പകർച്ചവ്യാധി നേരിടാൻ മോദിയുടെ ശ്രമങ്ങളെ ഭൂട്ടാൻ പ്രധാനമന്ത്രി പ്രശംസിച്ചു. വാക്സീൻ തയാറാകുമ്പോൾ നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ഭൂട്ടാൻ പ്രധാനമന്ത്രി ഇന്ത്യയോട് നന്ദി പറഞ്ഞു.