കപ്പലുകൾ തീരത്തേക്ക് അടുപ്പിക്കണം; ആന്ത്രോത്തുകാർ സമരം തുടരുന്നു

പ്രതീകാ​ത്മക ചിത്രം

ലക്ഷദ്വീപിലെ ആന്ത്രോത്തിൽ കപ്പലുകൾ തീരത്തേക്ക് അടുപ്പിക്കണമെന്ന ആവശ്യവുമായി ദ്വീപ് നിവാസികൾ നടത്തുന്ന സമരം 25 ദിവസം പിന്നിട്ടു. സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കടുത്ത പ്രതിഷേധമാണ് ദ്വീപിൽ  അലയടിക്കുന്നത്

ലക്ഷദ്വീപിലെ ആന്ത്രോത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളുടേയും കൊടികൾ ഇങ്ങനെ കാറ്റത്ത്  പാറി പറക്കുകയാണ്. അതെ ദ്വീപിലെ ഏറ്റവും വലിയ ആവശ്യത്തിന്, കൊടിയുടെയും രാഷ്ട്രീയത്തിന്റെയും  ഒന്നും വ്യത്യാസമില്ല. ആന്ത്രോത്തിൽ യാത്രാ കപ്പലുകൾ തീരത്തേക്ക് അടുപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ട് നാളേറെയായി.

മുൻപ് യാത്ര കപ്പലുകൾ തീരത്ത് നങ്കൂരമിട്ടപ്പോൾ ഏറെ സന്തോഷത്തോടെയാണ് ദ്വീപ്  ജനത വരവേറ്റത്. എന്നാൽ വ്യക്തമായ കാരണങ്ങൾ പറയാതെ യാത്രാ കപ്പലുകൾ വീണ്ടും ഉൾക്കടലിൽ നങ്കൂരമിടാൻ തുടങ്ങി. ഉൾക്കടലിൽ യാത്രക്കാരെ സാഹസികമായാണ് ചെറുയാനങ്ങളിലേക്ക് കയറ്റുന്നത്.

സമരം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആന്ദ്രോത്തിൽ വാഹനറാലി നടന്നു. സമരത്തിനോട് മുഖം തിരിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെയും പ്രതിഷേധമുയരുകയാണ്. കൊച്ചിയിലെ ലക്ഷദ്വീപ് ഭരണസിരാകേന്ദത്തിലേക്കും പ്രതിഷേധം വ്യാപിക്കാനാണ് ആന്ത്രോത്തുകാരുടെ തീരുമാനം.