പ്രതീക്ഷയുടെ വെളിച്ചവുമായി ദീപാവലി; പ്രധാനമന്ത്രി സൈനികർക്കൊപ്പം

കോവിഡ് മഹാമാരിയുടെ ദുരിതത്തിനിടെ പ്രതീക്ഷയുടെ തിരികൊളുത്തി രാജ്യം ഇന്ന് ദീപാവലി ആഘോഷിക്കുന്നു. ഡല്‍ഹി അടക്കം വായുനിലവാരം മോശമായ നഗരങ്ങളില്‍ പടക്കത്തിന് നിരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തവണയും സൈനികര്‍ക്കൊപ്പമാണ് ദീപാവലി ആഘോഷിക്കുക. 

അതിജീവനമാണ് ആഘോഷമാണ് ഇത്തവണ ദീപാവലി. കോവിഡ് ഭീതിക്കിടെയാണ് ചിരാതുകള്‍ തെളിയുന്നത്. സാമൂഹിക അകലം പാലിച്ച് ജാഗ്രതയോടെ ദീപോല്‍സവമാഘോഷിക്കാന്‍ പ്രധാനമന്ത്രിയടക്കം ഭരണനേതൃത്വത്തിന്‍റെ നിരന്തര നിര്‍ദേശമുണ്ട്. നിയന്ത്രണങ്ങളുടെ കാലത്തെ ദീപാവലി വിപണിക്ക് തിളക്കം കുറവാണ്. 

മലിനീകരണത്തില്‍ രാജ്യത്തെ നഗരങ്ങള്‍ ശ്വാസം മുട്ടിയതോടെ പടക്കങ്ങള്‍ പടിക്കു പുറത്താണ്. ഡല്‍ഹി, യുപി, മഹാരാഷ്ട്ര, ഒഡീഷ, കര്‍ണാടക, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കര്‍ശന നിര്‍ദേശങ്ങളിറക്കിയിട്ടുണ്ട്. ജനങ്ങളെ പടക്കങ്ങള്‍ ഒഴിവാക്കിയുള്ള ആഘോഷങ്ങളുടെ ഭാഗമാക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ലക്ഷ്മി പൂജ നടത്തും.

സൈനികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിട്ടുണ്ട്. മോദിയുടെ ആഘോഷവും സൈനികര്‍ക്കൊപ്പം തന്നെ. അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടെ മോദിയുടെ സാന്നിധ്യം സൈനികര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. രാമക്ഷേത്രത്തിന് ശിലയിട്ടതോടെ അയോധ്യയില്‍ വന്‍ ദീപോത്സവമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ സംഘടിപ്പിച്ചത്. സരയുവിന്‍റെ തീരത്ത് അഞ്ചര ലക്ഷം ചിരാതുകള്‍ തെളിഞ്ഞു.