യമുനാതീരത്തെ പള്ളിക്കൂടം; ഓൺലൈൻ ക്ലാസ് അന്യമായവർക്ക് കൈത്താങ്ങ്

യമുന നദിതീരത്തെ ഒരു ലോക്ക് ഡൗൺ പള്ളിക്കൂടം ശ്രദ്ധേയമാവുകയാണ്.  ദാരിദ്ര്യത്തിനിടയിലും വിദ്യാർത്ഥികൾക്ക്  അറിവിന്റെ വെളിച്ചം പകരുകയാണ്  സത്യേന്ദ്ര പാൽ സാക്കിയ. ലോക്ക് ഡൗൺ സമയത്ത്  ഓൺലൈൻ ക്ലാസുകൾ അന്യമായ കുട്ടികൾക്ക് സത്യേന്ദ്ര പാൽ ഇന്ന് ഒരു അദ്ധ്യാപകൻ മാത്രമല്ല നല്ല മാതൃക കൂടിയാണ്.  

രാജ്യത്ത് വിദ്യാഭ്യാസ നയത്തിൽ  പൊളിച്ചെഴുത്തിന്  കേന്ദ്ര സർക്കാർ തയ്യാറാകുമ്പോഴാണ് പാർലമെൻറിൽ നിന്നും അധികം ദൂരത്തല്ലാതെ നിൽക്കുന്ന  ഈ പഠന കേന്ദ്രം നിരവധി  ചോദ്യങ്ങൾ ഉയർത്തുന്നത്. കോവിഡ് പ്രതിസന്ധിയിൽ നിർധനരായ ഈ വിദ്യാർഥികൾക്ക് പഠനം അപ്രാപ്യമായിരുന്നു. എന്നാൽ സത്യേന്ദ്ര പാൽ സാക്കിയ എന്ന യുവാവ് ഇവർക്ക് അറിവിന്റെ വെളിച്ചമാവുകയാണ്. മയൂര് വിഹാറിനു സമീപമുള്ള ഒരു മേൽപ്പാലത്തിന് കീഴിലാണ് ഈ  മാതൃക പള്ളിക്കൂടം. 

26 വയസിനിടയിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളാണ് നിർധന വിദ്യാർത്ഥികൾക്ക് വഴികാട്ടിയാകാൻ സത്യേന്ദ്ര പാലിനെ പ്രേരിപ്പിച്ചത്.  യുപി യിലെ ബദായു വിൽ നിന്ന് ഡൽഹിയിലേക്ക് 2010 ൽ ഡൽഹിയിലേക്ക് കുടിയേറിയതാണ് സത്യേന്ദ്ര പാലിന്റെ കുടുംബം. നിത്യവൃത്തിക്കായി മണ്ണിൽ പണിയെടുത്തു. ആഗ്ര ഡോ ബി ആർ അംബേദ്കർ സർവകലാശാലയിൽ ഗണിത ശാസ്ത്രത്തിൽ അവസാന വർഷ ബിഎസ് സി വിദ്യാർഥി കൂടിയാണ്  സത്യേന്ദ്ര പാൽ. 2015 ൽ  5 കുട്ടികളുമായി ഒരു മരച്ചുവട്ടിൽ തുടങ്ങിയതാണ് സത്യേന്ദയുടെ  തുറന്ന സ്കൂൾ അദ്ധ്യാപനം. പിന്നീട് അത് 250 വിദ്യാർഥികളുടെ പഠന കേന്ദ്രമായി. കോവിഡ് പ്രതിസന്ധിയിൽ അദ്ധ്യാപനം നിർത്തി വെച്ചിരിക്കുന്നതിനിടയിലാണ് ഇന്റർനെറ്റും സ്മാർട്ട്‌ ഫോണും സ്വപ്നം പോലും കാണാൻ കഴിയാത്ത കുട്ടികൾ സഹായത്തിനായി സമീപിക്കുന്നതും സത്യേന്ദ്ര പാൽ അവർക്ക് ആശ്വാസമായതും.