22 കൊടുംതീവ്രവാദികളെ ഇന്ത്യയ്ക്ക് കൈമാറി മ്യാൻമാർ; നേതൃത്വം നൽകി ഡോവൽ

രാജ്യം തിരയുന്ന 22 തീവ്രവാദി നേതാക്കളെ ഇന്ത്യയ്ക്ക് കൈമാറി മ്യാൻമാർ‌. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമായതിന്റെ സൂചന കൂടിയാണ് ഇൗ നീക്കം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ തീവ്രവാദപ്രവർത്തനം നടത്തുന്ന സംഘടനയിലെ നേതാക്കളെയാണ് മ്യാൻമാർ പിടികൂടി ഇന്ത്യയ്ക്ക് കൈമാറിയത്. ഇതാദ്യമായിട്ടാണ് ഇന്ത്യയുടെ ആവശ്യപ്രകാരം മ്യാൻമാർ ഇത്തരമൊരു നീക്കത്തിന് തയാറായത്. ഈ നടപടികൾ നേതൃത്വം നൽകിയത് ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലാണ്.

ഇതിലൂടെ രണ്ടു രാജ്യങ്ങൾ തമ്മിലുള്ള രഹസ്യാന്വേഷണ– പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാവുന്നതിന്റെ സൂചന കൂടിയാണിത്. 1600 കിലോമീറ്റർ വരുന്ന ഇന്ത്യ – മ്യാൻമാർ അതിർത്തിയിലെ വനങ്ങളിലാണ് ഭീകര സംഘടനകൾ പരിശീലന ക്യാംപുകൾ നടത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മണിപ്പൂരിലും അസമിലും തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യ അന്വേഷിക്കുന്ന തീവ്രവാദി നേതാക്കളും ഇപ്പോൾ കൈമാറിയ 22 പേരിൽ ഉൾപ്പെടുന്നുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.