സാധാരണക്കാരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം; ഡോവല്‍ അമിത് ഷായെ കണ്ടു

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. കശ്മീരിലെ സുരക്ഷാ സാഹചര്യം വിലയിരുത്താനാണ് കൂടിക്കാഴ്ച. വിഡിയോ റിപ്പോർട്ട് കാണാം.

ജമ്മു കശ്മീരിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് വീണ്ടും ഭീകരാക്രമണം. കുൽഗാമിൽ ബാങ്ക് മാനേജറെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തി. രാജസ്ഥാൻ സാദേശി വിജയകുമാറാണ് കൊല്ലപ്പെട്ടത്. ഭീകരുടെ വെടിയേറ്റ് ഒരു മാസത്തിനിടെ  നാലാമത്തെ സാധാരണക്കാരനാണ് കശ്മീരിൽ മരിക്കുന്നത്. രണ്ട് ദിവസം മുമ്പ് അധ്യാപികയെ സ്കൂളിൽ കയറി വെടിവച്ച് കൊലപ്പെടുത്തിയതിന്റെ ഞെട്ടൽ മാറും മുമ്പ് കുൽഗാമിൽ ഭീകരർ മറ്റൊരു സാധാരണക്കാരന് നേർക്ക് കാഞ്ചി വലിച്ചു. ഇത്തവണ ഇര രാജസ്ഥാൻ സാദേശിയായ ബാങ്ക് മാനേജർ വിജയകുമാർ. കുൽഗാമിലെ മോഹൻപോറയിൽ ഇ.ഡി ബാങ്കിൽ കയറിയാണ് ഭീകരൻ വെടിയുതിർത്തത്. ഗുരുതരമായി പരുക്കേറ്റ വിജയകുമാറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇ.ഡി ബാങ്ക് മാനേജറായി നാല് ദിവസം മുമ്പാണ് വിജയകുമാർ ജോലിക്ക് പ്രവേശിപ്പിച്ചത്.  മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെയും ഒരു മാസത്തിനിടെ നാലാമത്തെയും സിവിലിയൻ കൊലപാതകമാണിത്. 

സ്കൂൾ അധ്യാപികയായ രജനി ബാലയ്ക്ക് പുറമെ ബദ്ഗാമിൽ സർക്കാർ ഉദ്യോഗസ്ഥനായ രാഹുൽ ഭട്ട്, ടി.വി നടി അംബ്രീൻ ഭട്ട് എന്നിവരാണ് ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത്. സിവിലിയൻമാരെ ലക്ഷ്യമിട്ടുള്ള അക്രമണം തുടർക്കഥയാകുന്നതോടെ പുറത്തു നിന്ന് വന്ന് കശ്മീരിൽ താമസിക്കുന്നവർ കനത്ത ഭീതിയിലാണ് കഴിയുന്നത്. ആക്രമണത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്. സാധാരണക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും, കശ്മീർ താഴ‌്‌വരയിൽ പോസ്റ്റ് ചെയ്യപ്പട്ടിരിക്കുന്ന പുറത്ത് നിന്നുള്ള സർക്കാർ ജീവനക്കാർക്ക് സ്വന്തം നാടുകളിലേക്ക് സ്ഥലം മാറ്റം നൽകണമെന്നും ആവശ്യപ്പെട്ട് ജമ്മുവിൽ നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തി.