വര്‍ഷത്തില്‍ 148 യാത്ര; മലയാളിക്ക് കർണാടക ആർടിസിയുടെ ആദരം; റെക്കോർഡ്

ഒരു വർഷത്തിനിടെ കർണാടക ആർടിസിയിൽ ഏറ്റവുമധികം ടിക്കറ്റെടുത്ത റെക്കോർഡ് മലയാളിക്ക്. എറണാകുളം സ്വദേശി സജിൻ സെബാസ്റ്റ്യനാണ് റെക്കോർഡിനുടമ. 2019 വർഷം 148 തവണയാണ് സജിൻ ഓൺലൈൻ ആയി ടിക്കറ്റ് ബുക്ക് ചെയ്തത്. കൂടുതൽ തവണ ഓൺലൈൻ ടിക്കറ്റ് എടുത്തവരെ അനുമോദിക്കുന്ന ചടങ്ങിലേക്ക് സജിന് ക്ഷണം ലഭിച്ചു. 

ബെംഗളുരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ് സജിന്‍. നോർത്ത് പറവൂർ സ്വദേശിയായ സജിൻ ബെംഗളുരുവിൽ എച്ച് എ എല്ലിന് സമീപത്താണ് താമസം.  സജിന്റെ ടിക്കറ്റെടുക്കലിലൂടെ 1.8 ലക്ഷം രൂപ കർണാടക ആർടിസിക്ക് ലഭിച്ചു. കഴിഞ്ഞദിവസം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് ഇ-മെയിൽവഴിയാണ്, 2019-ൽ കർണാടക ആർ.ടി.സി.യിൽ കൂടുതൽതവണ ടിക്കറ്റ് എടുത്തത് സജിനാണെന്ന വിവരം അറിയിച്ചത്. പതിവുയാത്രക്കാർക്കായി ഈ മാസം 29-ന് നടത്തുന്ന പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ടായിരുന്നു സന്ദേശം.

മൂന്നുവർഷമായി എല്ലാ ആഴ്ചകളിലും എറണാകുളത്തേക്ക് പോകുന്നുണ്ടെന്ന് സജിൻ പറഞ്ഞു. ''ആദ്യമൊക്കെ തീവണ്ടികളിലായിരുന്നു യാത്ര. എന്നാലിപ്പോൾ കർണാടക ആർ.ടി.സി. ബസിൽമാത്രമാണ് നാട്ടിലേക്കുപോകുന്നത്. സ്ലീപ്പർ ബസിലാണ് കൂടുതലായും യാത്രചെയ്യുന്നത്. തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിലെത്തി ജോലിക്കു പോകേണ്ടതിനാലാണ് സ്ലീപ്പർ ബസിൽ യാത്രചെയ്യുന്നത്''- സജിൻ പറഞ്ഞു. 

ബസ് കയറാൻ സ്റ്റാൻഡിലേക്കുള്ള യാത്രയ്ക്കിടെ ഗതാഗതക്കുരുക്കിൽപ്പെട്ടുപോയാൽ ജീവനക്കാർ കാത്തുനിൽക്കാറുണ്ട്.