സൗജന്യ വൈദ്യുതി ഫലം കണ്ടു; എഎപി വിജയം സമ്മതിച്ച് ബിജെപി എംപി

ഡല്‍ഹിയിലെ ആം ആദ്മി വിജയം അംഗീകരിച്ച് ബിജെപി എംപി. 200 യൂണിറ്റിൽ കൂടുതൽ വൈദ്യുതി ഉപയോഗിച്ചാല്‍ മാത്രം ചാർജ് ഈടാക്കുന്ന പദ്ധതി പാവപ്പെട്ട ജനങ്ങൾക്കിടയിൽ വലിയ സ്വാധീനം ഉണ്ടാക്കി എന്ന് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപി രമേശ് ബിധൂരി പറഞ്ഞു. കേന്ദ്രസർക്കാർ ആവിഷ്കരിച്ച ജനോപകാരപ്രദമായ പദ്ധതികൾ ആളുകൾക്കിടയിലേക്ക് എത്തിയിരുന്നെങ്കിൽ ബിജെപി ഇതിലും മികച്ച വിജയം നേടുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെണ്ണല്‍ തുടങ്ങി മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 57 സീറ്റില്‍ ആം ആദ്മി പാര്‍ട്ടി മുന്നിലാണ്.‌ എന്നാൽ, ബിജെപിക്ക് പ്രതീക്ഷിച്ച മുന്നേറ്റമില്ല. 14 സീറ്റിലാണ് പാർട്ടി ലീഡ് ചെയ്യുന്നത്. വോട്ട് വിഹിതം :  എഎപി 52.3 ശതമാനം ; ബിജെപി 40.1 ശതമാനം. 

അതേസമയം, കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. വോട്ട് വിഹിതം അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ്. ആം ആദ്മി പാര്‍ട്ടിക്ക് അഭിനന്ദനങ്ങളുമായി കോൺഗ്രസ് രംഗത്തുവന്നു.

എന്നാൽ, പുറത്തുവരുന്ന ഫലപ്രഖ്യാപനം പൂര്‍ത്തിയാകുംവരെ പ്രതീക്ഷ കൈവിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. തോല്‍വി സംഭവിച്ചാല്‍ അതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.