കശ്മീർ വിഷയം ചൈന വഴി യുഎൻ രക്ഷാ സമിതിയിൽ ഉന്നയിക്കാനുള്ള പാക്ക് നീക്കം പാളി

കശ്മീർ വിഷയം ചൈന വഴി യുഎൻ രക്ഷാ സമിതിയിൽ ഉന്നയിക്കാനുള്ള പാക്കിസ്ഥാൻ നീക്കം പാളി. രാജ്യാന്തരവേദികളിൽ നാണം കെടുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണമെന്നും വസ്തുതകൾ മനസിലാക്കാൻ ചൈന ഇനിയെങ്കിലും തയാറാകണമെന്നും ഇന്ത്യ പ്രതികരിച്ചു. ഈ വർഷം അവസാനം ഡൽഹിയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലേയ്ക്ക് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ക്ഷണിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി

കശ്മീർ പ്രശ്നം ഇന്ത്യയും പാക്കിസ്ഥാനും ചർച്ചകളിലൂടെ പരിഹരിക്കണമെന്നും മറ്റ് രാജ്യങ്ങൾ അതിൽ ഇടപെടേണ്ടതില്ലെന്നും യുഎൻ രക്ഷാസമിതിയിൽ ചൈന ഒഴികെയുള്ള അംഗരാജ്യങ്ങൾ നിലപാടെടുത്തു. അതോടെ പാക് നീക്കം പാളി. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാകണമെന്ന് റഷ്യ നിർദേശിച്ചു. യുഎൻ രക്ഷാസമിതി ദുരുപയോഗം ചെയ്യാനാണ് പാക്കിസ്ഥാൻ ശ്രമിച്ചതെന്ന് ഇന്ത്യ തിരിച്ചടിച്ചു. വ്യാജ ആരോപണങ്ങൾ സ്ഥാപിച്ചെടുക്കാനുള്ള പാക് ശ്രമം പരാജയപ്പെട്ടു. വസ്തുതകൾ മനസിലാക്കാനും കശ്മീർ വിഷയത്തിൽ ലോക രാജ്യങ്ങളുടെ നിലപാട് തിരിച്ചറിയാനും ചൈന ഇനിയെങ്കിലും ശ്രമിക്കണം 

ഒക്ടോബറിൽ ഡൽഹിയിൽ നടക്കുന്ന ഷാങ് ഹായ് സഹകരണ ഉച്ചകോടിയിലേയ്ക്ക് പാക് പ്രധാനമന്ത്രിയെയും ക്ഷണിക്കും. അംഗരാജ്യങ്ങളുടെ തലവന്മാരെ ക്ഷണിക്കുകയെന്നത് കീഴ്വഴക്കമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. കശ്മീർ വിഷയം തുടർന്നും രാജ്യാന്തര വേദികളിൽ  ഉന്നയിക്കുമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. ഭീകരതയെ നേരിടാൻ പാക്കിസ്ഥാനെ നയതന്ത്രതലത്തിൽ ഒറ്റപ്പെടുത്തണമെന്ന് സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത് ആവശ്യപ്പെട്ടു.2001 ലെ ഭീകരാക്രമണത്തിന് ശേഷം അമേരിക്ക സ്വീകരിച്ചതിന് സമാനമായ നടപടിയാണ് വേണ്ടതെന്നും റാവത്ത് അഭിപ്രായപ്പെട്ടു.