ഗണപതിയുടെ ചിത്രമുള്ള ചവിട്ടികൾ; ആമസൺ ബഹിഷ്കരിക്കാൻ ആഹ്വാനം; രോഷം

ഗണപതിയുടെയും ദേശീയ പതാകയുടെയും ചിത്രം പതിച്ച ചവിട്ടുമെത്തകൾ വിറ്റ സംഭവത്തിൽ ഓൺലൈൻ ഷോപ്പിങ് വെബ്‌സൈറ്റ് ആമസണിനെതിരെ രോഷം കനക്കുന്നു. ഉൽപ്പനങ്ങളിലൂടെ മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം ഉയർത്തി ആമസൺ ബഹിഷ്കരിക്കണമെന്ന ആഹ്വാനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. 'ബോയ്കോട്ട് ആമസൺ' എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുകയാണ്. 

നിലത്ത് വിരിക്കുന്നതും ശുചിമുറികളിൽ വിരിക്കുന്നതുമായ ചവിട്ടികളിലാണ് ഗണപതിയുടെ ചിത്രമുള്ളത്. ഇന്ത്യയുടെ ദേശീയപതാകയുടെ ചിത്രമുള്ളവയും ആമസണിലുണ്ട്. വ്യാപകമായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ ഉൽപ്പനങ്ങൾ ആമസൺ നീക്കം ചെയ്തിട്ടുണ്ട്. 

ഇത് മൂന്നാം തവണയാണഅ മതവികാരം വ്രണപ്പെടുത്തുന്നുവെന്ന ആരോപണം ആമസണിനെതിരെ ഉയരുന്നത്. കഴിഞ്ഞ വർഷം മെയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളുള്ള ടൊയ്‌ലറ്റ് സീറ്റ് കവറുകൾ ചവിട്ടികളും കണ്ടെത്തിയ സാഹചര്യത്തിൽ ആമസണിനെതിരെ വൻ രോഷമുയർന്നിരുന്നു. 2017ൽ ഇന്ത്യൻ ദേശീയപതാകയുടെ ചിത്രമുള്ള ചവിട്ടികൾ വിറ്റ സംഭവവും വലിയ വിവാദമായിരുന്നു.