പ്രതികൾക്ക് ഒരാഴ്ചക്കകം ശിക്ഷ; ഇല്ലെങ്കില്‍ യോഗിയുടെ വീടിനുമുന്നിൽ ആത്മഹത്യ: സഹോദരി

കുടുംബത്തിന് നൽകിയ വാഗ്ദാനങ്ങൾ ഒരാഴ്ചക്കുള്ളിൽ പാലിച്ചില്ലെങ്കിൽ മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തി ആത്മഹത്യ ചെയ്യുമെന്ന് ഉന്നാവിൽ തീകൊളുത്തി കൊല്ലപ്പെട്ട യുവതിയുടെ സഹോദരി. യുവതിയുടെ മൃതദേഹം സംസ്കരിക്കുംമുൻപാണ് സഹോദരി മുന്നറിയിപ്പ് നൽകിയത്. 

''അവൾ പോയെങ്കിലും അവളോടു ക്രൂരത കാട്ടിയവരെ വെറുതെ വിടരുത്. ഒരാഴ്ചയ്ക്കുള്ളിൽ നടപടി വേണം. ഉടൻ ശിക്ഷ ഉറപ്പാക്കണം''- സഹോദരി പറഞ്ഞു. 

''സഹോദരിക്കു സംഭവിച്ചതു നാളെ തനിക്കും വീട്ടുകാർക്കും സംഭവിക്കാം. സാക്ഷിയെന്ന നിലയിൽ തനിക്കും ഭീഷണിയുണ്ട്. അതുകൊണ്ട് കുടുംബത്തിന്റെ സുരക്ഷയ്ക്കു സഹോദരനു തോക്ക് ലൈസൻസ് അനുവദിക്കണം. ബിരുദധാരിയായ സഹോദരിയുടെ ഏറ്റവും വലിയ സ്വപ്നം ഒരു ജോലിയായിരുന്നു. ഇതു പൂർത്തിയാക്കാൻ വീട്ടിലൊരാൾക്കു ജോലി നൽകണമെന്നും സഹോദരി ആവശ്യപ്പെട്ടു. ഈ രണ്ട് ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചിരുന്നു.