രാഷ്ട്രീയപാര്‍ട്ടികൾക്ക് നെഞ്ചിടിപ്പേറ്റി പുണ്‍ഡ്രി; പൊടിപാറി ചതുഷ്ക്കോണ മല്‍സരം

ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും ഉറക്കം കെടുത്തുന്ന മണ്ഡലമാണ് പുണ്‍ഡ്രി. കഴിഞ്ഞ ഇരുപത്തിമൂന്ന് വര്‍ഷമായി സ്വതന്ത്രസ്ഥാനാര്‍ഥികളെ മാത്രം നെഞ്ചേറ്റിയ മണ്ഡലം. ഈ തിരഞ്ഞെടുപ്പിലെങ്കിലും പുണ്‍ഡ്രിയില്‍ വിജയക്കൊടി പാറിക്കാനുള്ള പരിശ്രമത്തിലാണ് മുഖ്യധാര രാഷ്ട്രീയപാര്‍ട്ടികള്‍.  

അധികാരത്തുടര്‍ച്ച നേടുമെന്ന ആത്മവിശ്വാസത്തില്‍ ബിജെപി, അധികാരക്കസേര തിരിച്ചുപിടിക്കാന്‍ പാടുപെടുന്ന കോണ്‍ഗ്രസ്. രണ്ട് പാര്‍ട്ടികളുടെയും വോട്ട് ചോര്‍ത്താന്‍ കെല്‍പ്പുള്ള പ്രാദേശിക പാര്‍ട്ടികള്‍. ചതുഷ്ക്കോണമല്‍സരം പൊടിപാറുന്ന ഹരിയാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് പുണ്‍ഡ്രി. 1996 മുതല്‍ സ്വതന്ത്രസ്ഥാനാര്‍ഥികളെ മാത്രം ജയിപ്പിക്കുന്ന മണ്ഡലം. അതിനുള്ള കാരണമെന്താണെന്ന് ചോദിച്ചാല്‍ കൃത്യമായ മറുപടിയുണ്ട് ഇവിടുത്തുകാര്‍ക്ക്. 

സിറ്റിങ് എംഎല്‍എ ദിനേശ് കൗശിക് ഉള്‍പ്പെടെ അഞ്ച് സ്വതന്ത്രസ്ഥാനാര്‍ഥികളാണ് ഇത്തവണ മല്‍സരിക്കുന്നത്. ചരിത്രം തിരുത്തിക്കുറിക്കാന്‍ അരയും തലയും മുറുക്കി മറ്റ് പാര്‍ട്ടികളും രംഗത്തുണ്ട്. പുണ്‍ഡ്രിക്കാരുടെ മനസ് ആര്‍ക്കൊപ്പമാണെന്നാണ് ഇനിയറിണ്ടത്.